| Monday, 25th May 2026, 12:06 pm

ആഗോള തലത്തില്‍ എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസും ഇറാനും യുദ്ധമവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിലേക്ക് ഉടന്‍ എത്തിച്ചേരുമെന്ന സൂചനകള്‍ പുറത്ത് വരുന്നതിനിടെ എണ്ണ വിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. സമാധാന കരാറിനായുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഞായറാഴ്ച പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് നിരക്കില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9.30നുള്ള കണക്ക് പ്രകാരം ബാരലിന് 97.94 ഡോളറാണ് ബ്രെന്റ് ക്രൂഡ് നിരക്ക്. ഒരുമാസം മുമ്പുള്ള നിരക്കില്‍ നിന്ന് ഒമ്പത് ശതമാനത്തോളം കുറവാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. എന്നാല്‍ യുദ്ധം തുടങ്ങുന്നതിനുള്ള അവസ്ഥ വെച്ച് നോക്കുമ്പോള്‍ 30 ഡോളറോളം കൂടുതലാണ്.

ബാരലിന് 80 ഡോളര്‍ എന്ന നിരക്കിലായിരുന്നു യുദ്ധത്തിന് മുന്‍പ് അസംസ്‌കൃത എണ്ണയുടെ നിരക്ക്. യുദ്ധം ആരംഭിച്ചതോടെ ഈ നിരക്ക് മാര്‍ച്ചില്‍ 100 ഡോളറിന് മുകളിലെത്തി. ഏപ്രിലില്‍ 110 ഡോളറിന് മുകളിലുമെത്തിയ എണ്ണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറവ് വരുന്നുണ്ട്. സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഈ മാറ്റം.

നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ്- ഇറാന്‍ സംഘര്‍ഷത്തില്‍ അന്തിമ കരാറിലേക്ക് എത്തിച്ചേരാന്‍ സാധിച്ചതായി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരാറിന്റെ അന്തിമ ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് എത്തിച്ചേരാന്‍ കരാര്‍ സഹായിക്കുമെന്നും വ്യക്തമാക്കിയ ട്രംപ് മറ്റ് വിശദാംശങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഹോര്‍മുസ് കടലിടുക്കിലെ തടസം എണ്ണവില വര്‍ധിക്കാന്‍ കാരണമായിരുന്നു.

ഇറാനുമായുള്ള ചര്‍ച്ച പുരോഗതിയുടെ പാതയിലാണെന്നും എടുത്തുചാടി കരാറിലെത്തില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇരു പക്ഷവും അവര്‍ക്ക് വേണ്ട സമയമെടുത്ത് ശരിയായ തീരുമാനത്തിലെത്തും. അവിടെ ഒരു പിഴവുമുണ്ടാവില്ലെന്നും ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം പ്രതിദിനം ഒരു കോടിക്കും 1.1 കോടിക്കും ഇടയില്‍ ബാരല്‍ എണ്ണയുടെ നീക്കമാണ് തടസപ്പെടുന്നതൈന്ന് കമ്പോള വിദഗ്ധയായ ജൂണ്‍ ഗോഹിനെ അധികരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഹോര്‍മുസ് പ്രതിസന്ധി കാരണം തടസപ്പെട്ട 10 കോടി ബാരലുകളുടെ നീക്കം പുനരാരംഭിക്കുമെന്നാണ് കമ്പോളത്തിന്റെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ ഇന്ന് എണ്ണ വില വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ആകെ ഏഴ് രൂപയിലധികമാണ് നാല് വിലവര്‍ധനവുകള്‍ക്ക് ശേഷം ഇന്ധനവില കൂടിയത്.

Content Highlight: Oil prices fall amid mixed signals on US-Iran peace deal

Latest Stories

We use cookies to give you the best possible experience. Learn more