| Monday, 9th March 2026, 7:09 am

എണ്ണവില ബാരലിന് 100 ഡോളര്‍: സമാധാനത്തിന് നല്‍കേണ്ടി വരുന്ന ചെറിയ വില; എതിര്‍ക്കുന്നവര്‍ വിഡ്ഢികളെന്ന് ട്രംപ്

അനിത സി

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ എണ്ണവിതരണത്തിന് തിരിച്ചടിയായതോടെ എണ്ണവില കുതിക്കുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു.

എന്നാല്‍ എണ്ണവില താത്കാലികമാണെന്നും വില വര്‍ധനവ് ലോകസമാധാനത്തിന് നല്‍കേണ്ടി വരുന്ന ചെറിയ വിലയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ ആണവ ഭീഷണി അവസാനിക്കുമ്പോള്‍ അതിവേഗം എണ്ണവില കുറയും. നിലവിലെ ഹ്രസ്വകാല എണ്ണവില വര്‍ധനവ് യു.എസ്.എയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും നല്‍കേണ്ട ചെറിയ വിലയാണ്. മറിച്ച് ചിന്തിക്കുന്നവര്‍ വിഡ്ഢികളാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍  എഴുതി.

കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 28) ഇറാന്-യു.എസ്. ഇസ്രഈല്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ആഗോള അസംസ്‌കൃത വസ്തുക്കളുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം ഇറാന്‍ അവസാനിപ്പിച്ചിരുന്നു.

ഇതോടെ ലോകത്തെ എണ്ണ വിതരണത്തിന് വലിയ രീതിയിലുള്ള തിരിച്ചടിയാണ് സംഭവിക്കുന്നത്.

ഗള്‍ഫിലുടനീളമുള്ള എണ്ണ, വാതക ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കുള്ള പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണവും താത്കാലികമായി തടസപ്പെട്ടു.

ടെഹ്റാനിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ അയല്‍രാജ്യങ്ങളിലെ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ തിരിച്ചടിച്ചേക്കുമെന്ന ആശങ്കയും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് യു.എസിലെ എണ്ണ വിലയെയും ബാധിച്ചിട്ടുണ്ട്.

Content Highlight: Oil price at $100 a barrel: A small price to pay for peace; Trump

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more