സഹാറന്‍പൂര്‍: സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ജഡ്ജിയുടെ വരവിനായി സഹാറന്‍പൂര്‍ പൊലീസ് രാവിലെ മുതല്‍ സര്‍ക്യൂട്ട് ഹൗസില്‍ എത്തിയിരുന്നു. ഇതേ സമയത്ത് അവിടെയെത്തിയ ഒവൈസിയെ കണ്ട് ആശയകുഴപ്പത്തിലായ പൊലീസ് ഗാര്‍ഡ് ഓഫ് ഓണേഴ്‌സ് നല്‍കുകയായിരുന്നു.
വാഹനത്തില്‍ നിന്നിറങ്ങിയ ഒവൈസി പൊലീസ് നല്‍കിയ സല്യൂട്ട് സ്വീകരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായതായി സഹാറന്‍പൂര്‍ സിറ്റി എസ്.പി സമ്മതിച്ചു.
‘സുപ്രീം കോടതി ജഡ്ജിക്ക് വേണ്ടിയുള്ള ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പ്രോട്ടോക്കോളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ എം.പിക്ക് നല്‍കിയത്. ഇത് മനപൂര്‍വമല്ലെങ്കിലും വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,’ എസ്.പി വ്യോം ബിന്ദാല്‍ പറഞ്ഞു.
2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സഖ്യകക്ഷിയായ ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഒവൈസി സഹറാന്‍പൂരില്‍ എത്തിയത്.
രാവിലെ 11 മണിയോടെ സര്‍ക്യൂട്ട് ഹൗസില്‍ എത്തിയ ചന്ദ്രശേഖര്‍ ആസാദിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനവും നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി ഇരുവരും കളക്ടറേറ്റിലേക്ക് പോയി ജില്ലാ മജിസ്ട്രേറ്റുമായി കൂടിക്കാഴ്ച നടത്തി.
Content Highlight: Oh dear, a case of mistaken identity; police mistakenly believed him to be a Supreme Court judge and accorded a Guard of Honour to Owaisi.