മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സംഗീതത്തിലും തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളിൽ വിഗദ്ഗനായിരുന്നു അദ്ദേഹം.
സ്വാഭാവികമായ അഭിനയം കൊണ്ട് പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച അദ്ദേഹം തന്റെ തനത് അഭിനയ ശൈലിയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ്.
സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.
അവസാന കാലത്ത് ഒടുവിൽ ഉണ്ണികൃഷ്ണന് കുറ്റബോധം ഉണ്ടായിരുന്നെന്നും കുറച്ച് നല്ല റോളുകൾ കൂടി ചെയ്യണമെന്ന് അദ്ദേഹത്തിൻ്റെ മനസിലുണ്ടായിരുന്നെന്നും അതിന് വേണ്ടി വളരെയധികം ആഗ്രഹിച്ചിരുന്നെന്നും ജഗദീഷ് പറയുന്നു.
‘അദ്ദേഹത്തിൻ്റെ തുടക്കം നമുക്ക് അറിയാം കലാനിലയം, നാടക വേദി എന്നൊക്കെ പറയുമ്പോൾ ഒരു ഫിക്സഡ് ഇൻകം മാത്രമേ കിട്ടത്തുള്ളു. ദാരിദ്ര്യം ഇല്ലായെന്ന് വേണമെങ്കിൽ പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായി കാശ് അയച്ചുകൊടുക്കാൻ പറ്റില്ല,’ ജഗദീഷ് പറഞ്ഞു.
സിനിമയിൽ വന്ന ആദ്യകാലത്ത് പൈസ ചോദിച്ച് വാങ്ങുന്നതിന് മടിയുള്ള നടനായിരുന്നു ഒടുവിൽ ഉണ്ണിക്കൃഷ്ണനെന്നും വളരെ മിതമായിട്ടുള്ള റെമ്യൂണറേഷൻ ആണ് അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ചില സിനിമകളിലൊന്നും അദ്ദേഹത്തിന് ശമ്പളം കിട്ടിയിട്ടില്ലെന്നും പറഞ്ഞ ജഗദീഷ്, ഉണ്ണിക്കൃഷ്ണൻ പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന് കുട്ടി ആയപ്പോൾ കെ.പി.എ.സി ലളിതയോട് 250 രൂപ കടം വാങ്ങിയിട്ടാണ് നാട്ടിൽ പോയതെന്നും അത്രക്ക് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം ഉണ്ടായിരുന്നെന്നും നടൻ പറഞ്ഞു.
എന്നാൽ പിന്നീട് അദ്ദേഹത്തെ എല്ലാവരും മദ്യം കൊടുത്ത് സ്വീകരിച്ചെന്നും സ്ഥിരമായ മദ്യപാനം അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
‘എല്ലാവരും അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് ‘ഇത് ആരോഗ്യത്തിന് നല്ലതല്ല’ എന്ന്. അദ്ദേഹത്തിൻ്റെ കഥ നമുക്കും പ്രചോദനമാണ്,’ ജഗദീഷ് പറയുന്നു.
Content Highlight: Oduvil Unnikrishnan felt guilty about it in his last days says Jagadish