| Tuesday, 10th January 2023, 8:26 pm

'നാട്ടില്‍ വിലയില്ല ഒടിയന്റെ പ്രതിമ മോഷ്ടിച്ചു' ശബ്ദ സന്ദേശം പങ്കുവെച്ച് ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഒടിയന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ഒടിയന്റെ പ്രതിമ. അന്ന് നിര്‍മിച്ച രണ്ട് പ്രതിമകള്‍ പാലക്കാട്ടെ തന്റെ ഓഫീസിന് മുമ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സംവിധായകന്‍ വി.എ ശ്രീകുമാര്‍. എന്നാല്‍ അതിലൊരു പ്രതിമ ഇപ്പോള്‍ കാണാതായി. അതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു ശബ്ദ സന്ദേശവുമെത്തി.

താന്‍ പ്രതിമ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നും തനിക്ക് നാട്ടിലൊരു വിലയുമില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. അതിനാല്‍ തന്നോട് ഒന്നും തോന്നരുതെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും അയാള്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

‘ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കേണ്ട. ലാലേട്ടന്റെ പ്രതിമകളിലൊന്ന് ഞാന്‍ എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇവിടെ ഒന്ന് ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍, എനിക്ക് ഒരു വിലയുമില്ലാത്തത് പോലെയാണ് നാട്ടില്‍. പ്രതിമ വീട്ടില്‍ കൊണ്ടുവച്ചാല്‍ ഒരു വിലയുണ്ടാവും. ഒരു പേരുണ്ടാക്കാന്‍ വേണ്ടിയാണ് സാര്‍’, എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ഈ പ്രതിമയുടെ കൂടെ ചിത്രമെടുക്കാനും മറ്റും പലരും വരുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എളുതി. ഈ സംഭവത്തെ കുറിച്ച് വി.എ ശ്രീകുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

‘ഒരു ഒടിയന്‍ ആരാധകന്‍ ചെയ്ത പണി നോക്കൂ. ഞങ്ങളുടെ പുഷ് 360 ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഒടിയന്‍ സിനിമയുടെ പ്രചാരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്, ശില്‍പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല,’ ഫേസ്ബുക്കില്‍ ശ്രീകുമാര്‍ കുറിച്ചു.

റിലീസിന് മുമ്പ് തന്നെ വലിയ ഹൈപ്പ് കിട്ടിയ സിനിമയായിരുന്നു ഒടിയന്‍. റിലീസിന് മുമ്പ് തന്നെ ഇത്രയധികം ഹൈപ്പ് കിട്ടിയ മലയാള സിനിമകള്‍ കുറവായിരിക്കും. പ്രി റിലീസ് ഹൈപ്പ് പരമാവധി ഉപയോഗപ്പെടുത്തി തന്നെയായിരുന്നു സിനിമയുടെ പ്രചരണം നടത്തിയത്.

content highlight: odiyan statue missing

Latest Stories

We use cookies to give you the best possible experience. Learn more