| Tuesday, 15th July 2025, 7:23 am

ലൈംഗികാതിക്രമ പരാതി അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തിയ പെൺകുട്ടി മരിച്ചു; നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വർ: ഒഡീഷയിൽ ലൈംഗികാതിക്രമത്തിനെതിരെ നൽകിയ പരാതി അവഗണിക്കപ്പെട്ടതിന് പിന്നാലെ സ്വയം തീ കൊളുത്തിയ 20 കാരി മരണത്തിന് കീഴടങ്ങി. ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും പൊള്ളലേറ്റ പെൺകുട്ടി ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലായിരുന്നു. ഒഡീഷയിലെ ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി.

ഇന്നലെ (തിങ്കളാഴ്ച) രാത്രിയോടെയാണ് പെൺകുട്ടി മരണപ്പെട്ടതെന്ന് എയിംസ് അധികൃതർ പറഞ്ഞു. ‘മെക്കാനിക്കൽ വെന്റിലേഷൻ, ഐ.വി സപ്പോർട്ട്, ആൻറിബയോട്ടിക്കുകൾ, വൃക്കസംബന്ധമായ തെറാപ്പി എന്നിവയുൾപ്പെടെ സാധ്യമായ എല്ലാ തീവ്രപരിചരണവും പെൺകുട്ടിക്ക് നൽകിയിരുന്നു. എന്നാൽ ജൂലൈ 14 രാത്രി 11:46 ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി,’ എയിംസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ഒഡീഷാ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ദുഖം രേഖപ്പെടുത്തുകയും പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു.

‘ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണവാർത്തയിൽ ഞാൻ അതീവ ദുഖിതനാണ്. വിദഗ്ധ മെഡിക്കൽ സംഘം കഠിന പരിശ്രമം നടത്തിയിട്ടും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. കുടുംബത്തിന് നികത്താനാവാത്ത ഈ നഷ്ടം താങ്ങാൻ ശക്തി നൽകണമെന്ന് ഭഗവാൻ ജഗന്നാഥനോട് പ്രാർത്ഥിക്കുന്നു. ഈ കേസിൽ കുറ്റക്കാരായ എല്ലാവർക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കും. ഇതിനായി ഞാൻ അധികാരികൾക്ക് വ്യക്തിപരമായി നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നു,’ അദ്ദേഹം എക്‌സിൽ കുറിച്ച്.

കോളേജിലെ ബി.എഡ് വകുപ്പ് മേധാവി സമീര്‍ സാഹുവിനെതിരായ ലൈംഗീകാതിക്രമത്തിൽ ആവർത്തിച്ച് പരാതി നൽകിയിട്ടും പ്രിൻസിപ്പലും കോളേജ് അധികൃതരും നടപടി സ്വീകരിക്കാത്തതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വകുപ്പ് മേധാവിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കുറ്റാരോപിതനായ അധ്യാപകനെതിരെ കോളേജ് അധികൃതരോ പൊലീസോ ഒരു നടപടിയും സ്വീകരിക്കാത്തത് പെൺകുട്ടിയെ കൂടുതൽ മാനസികമായി തകർത്തെന്ന് സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.

കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ‘കുറ്റവാളിയായ പ്രൊഫസറിനെതിരെ രണ്ടോ നാലോ പരാതികൾ നൽകിയിരുന്നു. കോളേജ് അധികൃതർ എന്നോട് ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിനായി കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നാണ് എന്റെ ആവശ്യം,’ പിതാവ് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Content Highlight: Odisha student dies of injuries days after self-immolation over sexual harassment

We use cookies to give you the best possible experience. Learn more