| Saturday, 7th February 2026, 10:45 pm

മക്കള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല; പഠനം മുടങ്ങി; ചത്ത പശുവിന്റെ തോലെടുത്തതിന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവിന്റെ കുടുംബം ദുരിതത്തില്‍

അനിത സി

ദിയോഗഡ്: ഒഡീഷയില്‍ തൊഴിലിന്റെ ഭാഗമായി ചത്ത പശുവിന്റെ തോലെടുത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബം ദുരിതത്തില്‍. മക്കള്‍ക്ക് പുറത്തിറങ്ങാനോ പഠിക്കാന്‍ പോകാനോ സാധിക്കുന്നില്ലെന്നും ഗ്രാമത്തിലെ ആരുടെയും സഹായം ലഭിക്കുന്നില്ലെന്നും കൊല്ലപ്പെട്ട കിഷോര്‍ ചാമറിന്റെ കുടുംബം പറഞ്ഞു.

2025 സെപ്റ്റംബര്‍ 3നാണ് ദിയോഗഡ് ജില്ലയിലെ റിയാമല്‍ പൊലീസ് സ്റ്റേഷന് കീഴിനുള്ള കന്‍സാര്‍ ഗ്രാമവാസിയായ കിഷോറിനെയും സുഹൃത്തായ ഗൗതം നായിക്കിനെയും പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്.

ചത്ത പശുക്കളുടെ തോലെടുത്ത് വില്‍പന നടത്തുന്ന ദളിത് വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു കിഷോര്‍ ചാമര്‍. ഇന്നും ഗ്രാമത്തില്‍ പശുക്കള്‍ ചത്താല്‍ തോലെടുക്കുന്നതും കുഴിച്ചുമൂടുന്നതും ചാമര്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂലിപ്പണിക്കാരനായ കിഷോര്‍ പലപ്പോഴും പശുത്തോലെടുക്കുന്ന കുലത്തൊഴിലും ചെയ്തിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന പശുവിനെ പ്രായാധിക്യം കാരണം അയല്‍ഗ്രാമമായ കുന്ദൈജുരിയിലെ ഗൗതം നായിക്ക് എന്നയാള്‍ക്ക് കിഷോര്‍ കൈമാറിയിരുന്നു. പിന്നീട് പശു ചത്തെന്ന് ഗൗതം അറിയിച്ചതോടെ ഗൗതം സ്ഥലത്തെത്തുകയും പശുവിന്റെ തോലുരിഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ കിഷോറും ഗൗതമും പശുവിറച്ചി കഴിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. ഗൗതം ഓടി രക്ഷപ്പെട്ടെങ്കിലും കിഷോര്‍ കൊല്ലപ്പെട്ടു.

കിഷോര് ചാമറുടെ കുടുംബം Photo: thewire/web.com

പിന്നീട് റിയാമല്‍ പൊലീസ് സംഭവത്തില്‍ കേസെടുക്കുകയും കൊലപാതക്കുറ്റം ചുമത്തി പ്രതികളായ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ചത്ത പശുവിന്റെ തോലുരിഞ്ഞെടുത്തത്, പശുവിറച്ചി ഭക്ഷിക്കാനായി കശാപ്പ് ചെയ്തതാണെന്ന് ആള്‍ക്കൂട്ടം തെറ്റിദ്ധരിച്ചതാണെന്നും സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കുടുംബത്തോടുള്ള ക്രൂരത ഗ്രാമവാസികള്‍ തുടരുകയാണെന്നും കിഷോറിന്റെ ഭാര്യ മാനസി ചാമര്‍ പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഷോര്‍-മാനസി ദമ്പതികളുടെ നാല് മക്കളുടെ പഠനവും സ്വതന്ത്രമായി പുറത്തിറങ്ങാനുള്ള അവകാശവും ഏതാണ്ട് അവസാനിച്ച മട്ടാണ്.

മൂത്തമകളുടെ പഠനം നിലച്ചെന്നും ഇളയ മൂന്ന് കുട്ടികള്‍ ട്യൂഷന് പോവുന്നുണ്ടെന്നും മാനസി പറഞ്ഞു. പതിനൊന്ന് വയസായ മൂത്തമകള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും ഓരോ ദിവസവും പോരാട്ടം പോലെയാണ് മുന്നോട്ട് കൊണ്ടുപോവുന്നതെന്നും മാനസി വിശദീകരിച്ചു.

വിധവാ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ഒരു സര്‍ക്കാര്‍ ആനുകൂല്യവും തനിക്ക് ലഭിച്ചിട്ടില്ലെന്നും മാനസി ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ കിഷോറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ ഏതെങ്കിലും രീതിയിലുള്ള സഹായം വാഗ്ദാനം ചെയ്യാനോ ബി.ജെ.പി ഭരിക്കുന്ന ഒഡിഷ സര്‍ക്കാര്‍ ത്യയാറായിട്ടില്ല. ദരിദ്ര കുടുംബങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് അനുവദിക്കുന്ന ഹരിശ്ചന്ദ്ര പദ്ധതി വഴിയുള്ള സഹായവും കിഷോറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.

ഭീം ആര്‍മി സംഘടനയൊഴിച്ചുള്ള മറ്റൊരു സംഘടനയോ രാഷ്ട്രീയ പാര്‍ട്ടികളോ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കാനോ കുടുംബത്തെ സന്ദര്‍ശിക്കാനോ തയ്യാറായിട്ടില്ല.

ജീവിതം വഴിമുട്ടിയതോടെ മാനസിയും കുട്ടികളും ബര്‍ഗഡ് ജില്ലയിലെ കുമല്‍സിംഗയിലെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കൃഷിത്തൊഴിലുകളാണ് ഇവരുടെ ഉപജീവന മാര്‍ഗം. അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളെ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Content Highlight: Odisha Man Kishore chamar Lynch case: family fight for justice

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more