| Tuesday, 19th December 2017, 8:33 pm

ഓഖി; കേരളത്തിനും, തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓഖി ദുരന്തം നാശം വിതച്ച കേരളത്തിനും, തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപയുടെ അടിയന്തര സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1400 വീട് നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയും കന്യാകുമാരിയിലേയും ഓഖി ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് അനുവദിച്ച 76 കോടി രൂപയാണ് നല്‍കിയത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും വീട് തകര്‍ന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും വീതം സഹായം നല്‍കും.

എന്നാല്‍ പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ മൊത്തം 7340 കോടി രൂപയുടെ പാക്കേജ് വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിരുന്നു.

ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയുള്ള പ്രത്യേക പാക്കേജ് ഇന്ന് വൈകിട്ട് ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചത്. ഓഖി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് 7340 കോടി ആവശ്യപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more