| Monday, 2nd November 2026, 9:20 pm

ഒക്ടോബറില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി അധിനിവേശകരുടെ 397 ആക്രമണങ്ങള്‍; 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

റെന്വര്‍ പി

ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി അധിനിവേശകരുടെ ആക്രമണങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ മുമ്പെന്നുമില്ലാത്ത വിധം വര്‍ധിച്ചതായി യു.എന്‍ മാനുഷിക കാര്യ ഏകോപന ഓഫീസ് (ഒ.സി.എച്ച്.എ). ഒക്ടോബര്‍ ഒന്ന് മുതല്‍ 26 വരെയുള്ള കാലയളവില്‍ അധിനിവേശകരുടെ 397 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതായി ഒ.സി.എച്ച്.എ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വെസ്റ്റ്ബാങ്കിലെ അധിനിവേശകരുടെ അതിക്രമങ്ങളെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ ഒക്ടോബറിലാണ് വെസ്റ്റ്ബാങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2006-ലാണ് ഐക്യരാഷ്ട്രസഭ ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ മാസത്തെ അവസാന അഞ്ച് ദിവസങ്ങളിലെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കൂടി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിതെന്ന് യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ മാത്രം വെസ്റ്റ് ബാങ്കിലെ 49 ഫലസ്തീന്‍ സമൂഹങ്ങളെ ലക്ഷ്യമിട്ട് 62 ആക്രമണങ്ങള്‍ നടന്നതായി ഒ.സി.എച്ച്.എ വ്യക്തമാക്കി. ഇതില്‍ 38 എണ്ണം ഒലിവ് വിളവെടുപ്പ് കാലവുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകരെയും അവരുടെ ഭൂമിയെയും ഉപജീവനമാര്‍ഗങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

അധിനിവേശ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളില്‍, കുടിയേറ്റക്കാരും ഇസ്രായേലി സേനയും നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് കുട്ടികളടക്കം 57 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 23 പേര്‍ക്ക് പരിക്കേറ്റത് കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലാാണ്. ബാക്കി 34 പേര്‍ക്ക് പരിക്കേറ്റത് ഇസ്രായേലി സേനയുടെ വെടിവെപ്പിലും മര്‍ദ്ദനത്തിലുമാണ്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തില്‍ ഇസ്രഈല്‍ സേനയുടെ ഉപരോധം തുടര്‍ച്ചയായ പത്താം ദിവസവും തുടരുകയാണ്. ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇസ്രാഈല്‍ സേന ഭീഷണിപ്പെടുത്തുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പല ഫലസ്തീന്‍ കുടുംബങ്ങളെയും അവരുടെ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനകം 3,300-ലധികം ഫലസ്തീന്‍കാര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയോ അവര്‍ മറ്റ് രീതികളില്‍ ദുരിതത്തിലാവുകയോ ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക മുനിസിപ്പാലിറ്റിയുടെ കണക്കുകള്‍ പറയുന്നു. പല വീടുകളും തകര്‍ക്കപ്പെട്ടു. ഹെബ്രോണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ സേന 15 വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ക്കുകയും 327 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഹെബ്രോണ്‍ മേയര്‍ മേയര്‍ യൂസഫ് അല്‍-ജബാരിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 80,000 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 10 ദിവസമായി സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ സമ്പദ് വ്യവസ്ഥയുടെ ഏകദേശം 40 ശതമാനവും ഹെബ്രോണില്‍ നിന്നാണെന്നും, ഈ ഉപരോധം ഒരുതരം ‘കൂട്ടശിക്ഷ’ ആണെന്നും മേയര്‍ പറഞ്ഞു. ഞായറാഴ്ചയും ഹെബ്രോണിലും വെസ്റ്റ് ബാങ്കിലെ മറ്റ് നഗരങ്ങളിലും ഫലസ്തീനികളെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്യുന്നത് തുടര്‍ന്നുവെന്നും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: OCHA: Israeli settlers carry out 397 attacks in West Bank in October, highest monthly total in 20 years

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more