[]സൊവേറ്റോ: ഏറെ നാളുകള്‍ക്ക് ശേഷം ശത്രുക്കളായിരുന്ന ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടേയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മുഖാമുഖം കണ്ടുമുട്ടാന്‍ സൗത്ത് അഫ്രിക്കന്‍ മുന്‍ പ്രസിഡന്റും ദക്ഷിണാഫ്രിക്കയിലെ ഐതിഹാസിക വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിന്റെ നായകനുമായിരുന്ന നെല്‍സണ്‍ മണ്ടേല ഒരു നിമിത്തമായി.
ദക്ഷിണാഫ്രിക്കയിലെ സോക്കര്‍സ്‌റ്റേഡിയത്തില്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ലോകനേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ചയും നടന്നത്.
ക്യൂബയുമായി കടുത്ത ശത്രുതയിലാണ് അമേരിക്ക. അരനൂറ്റാണ്ടായി ക്യൂബയുമായി പരിമിതബന്ധങ്ങള്‍ മാത്രമാണ് അമേരിക്കയ്ക്കുള്ളത്.
1961ല്‍ ഫിഡല്‍ കാസ്‌ട്രോ ക്യൂബയില്‍ അധികാരത്തില്‍ വന്നശേഷം അമേരിക്കയുമായി അവര്‍ക്ക് നയതന്ത്രബന്ധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
2000ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഫിഡല്‍ കാസ്‌ട്രോയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയെങ്കിലും ചിത്രങ്ങള്‍ പുറത്തുവിട്ടില്ല. വൈറ്റ് ഹൗസ് പിന്നീട് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മണ്ടേലയുടെ അനുസ്മരണ പ്രസംഗത്തിനായി എഴുന്നേല്‍ക്കുമ്പോഴാണ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്ക് നേരെ ഒബാമ കൈ നീട്ടിയത്.
അഞ്ചു പതിറ്റാണ്ടോളമായി ഇരു ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന ഈ നേതാക്കളുടെ അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് നേരിട്ടും അല്ലാതെയും പതിനായിരങ്ങള്‍ സാക്ഷിയായി.
ശത്രുരാജ്യങ്ങളോട് അനുഭാവം കാണിക്കുന്ന നയമാണ് സമീപകാലത്ത് ഒബാമയുടേത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഒബാമ അടുത്തിടെ ഫോണില്‍ സംസാരിച്ചിരുന്നു.
ഇത്തരത്തിലൊരു നയം സ്വീകരിച്ച ഒബാമ നിത്യശത്രുതയുടെ പട്ടിക ചുരുക്കുകയാണെന്ന സൂചന അന്നേ തന്നെ നല്‍കിയിരുന്നു. അതിന്റെ ബാക്കി പത്രമായി വേണം റൗള്‍ കാസ്‌ട്രോയ്ക്ക് നല്‍കിയ ഹസ്തദാനത്തേയും കണക്കാക്കാന്‍.