| Wednesday, 2nd April 2025, 10:16 pm

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ തോല്‍പ്പിക്കാനായി ഒബാമ ശ്രമിച്ചു; വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെ തോല്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ബരാക് ഒബാമ ശ്രമിച്ചതായി വെളിപ്പെടുത്തല്‍.

അമേരിക്കയിലെ സീനിയര്‍ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ ജോനാഥന്‍ അലനും മാധ്യമ പ്രവര്‍ത്തകയായ ആമി പാര്‍ണസും ചേര്‍ന്ന് എഴുതിയ പുസ്തകത്തിലാണ് ഈ സുപ്രധാനമായ വെളിപ്പെടുത്തല്‍.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടരുന്നതില്‍ ഒബാമയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ബൈഡന് പകരക്കാരിയായി കമല ഹാരിസ് എത്തുന്നതിലും ഒബാമയ്ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും ജോനാഥന്‍ അലന്‍ എം.എസ്.എന്‍.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ട്രംപിനെ തോല്‍പ്പിക്കാന്‍ കമലയ്ക്ക് ആവില്ലെന്ന് ഒബാമ ഉറച്ച് വിശ്വസിച്ചിരുന്നതായും അലന്‍ പറഞ്ഞു.

കമല ഹാരിസിന്റെ കഴിവില്‍ വിശ്വാസമില്ലാത്തതിനാല്‍, ഒബാമ കമലയുടെ പരാജയത്തിനായി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചെന്നും ഒരു ഓപ്പണ്‍ പ്രൈമറിയ്ക്കുവേണ്ടി വാദിച്ചതായും അലന്‍ അവകാശപ്പെട്ടു.

ജോനാഥന്‍ അലനും ആമി പാര്‍ണ്‍സും ചേര്‍ന്ന് എഴുതിയ ‘ഫൈറ്റ്: ഇന്‍സൈഡ് ദി വൈല്‍ഡസ്റ്റ് ബാറ്റില്‍ ഫോര്‍ ദി വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഏപ്രില്‍ ഒന്നിനാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.

തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ നിന്ന്‌ പിന്‍വാങ്ങിയത്. തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസ് സ്ഥാനാര്‍ത്തിയത്‌. എന്നാല്‍ കമലയ്ക്ക് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല.

Content Highlight: Obama tried to defeat Kamala Harris in the presidential election; revelation

We use cookies to give you the best possible experience. Learn more