ന്യൂയോർക്ക്: മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഉപദേഷ്ടാവ് ആയി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മാംദാനിയോട് മുൻ യു.എസ് പ്രസിഡന്റ് ബാരാക് ഒബാമ.
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ച ഇരുവരും നടത്തിയ ഫോൺ കോളിലൂടെ സൗണ്ടിങ് ബോർഡ് ആയി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഒബാമ അറിയിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തന്റെ പ്രധാന എതിരാളിയായ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയ്ക്കും റിപ്പബ്ലിക്കൻ നോമിനിയായ കർട്ടിസ് സ്ലീവയ്ക്കും എതിരെ മാംദാനി നടത്തിയ പ്രസംഗത്തെയും ഒബാമ പ്രശംസിച്ചു.
മാംദാനിയുടെ പ്രചാരണത്തെ കുറിച്ച് പറയുമ്പോൾ മുൻകാലത്ത് സ്വന്തമായി നടത്തിയ രാഷ്ട്രീയ തെറ്റുകളെകുറിച്ചും ഹാസ്യരൂപേണയും ഒബാമ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബന്ധം നിലനിർത്തണമെന്നും ഒരു ഉപദേഷ്ടാവായി പ്രവർത്തിക്കാമെന്നും ഒബാമ പറഞ്ഞു. വാഷിങ്ടണിൽ ഇരുവരും കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മാംദാനിയുടെ വിജയത്തിനായി താൻ ആത്മാർത്ഥതമായി ആഗ്രഹിക്കുന്നുവെന്ന് ഒബാമ പറഞ്ഞു. പുതിയ ഭരണകൂടത്തെ രൂപീകരിക്കുന്നതിലും മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലുമുള്ള വെല്ലുവിളികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തെന്ന് മാംദാനിയുടെ വക്താവ് ഡോറ പെകെക് പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഡെമോക്രാറ്റുകളോട് ബരാക് ഒബാമ ആഹ്വാനം ചെയ്തിരുന്നു.
ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ നടക്കുന്നതെല്ലാം അധാര്‍മികവും നിയമലംഘനവുമാണെന്നും ഒബാമ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.എസില്‍ ശനിയാഴ്ച നടന്ന പ്രചരണ റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിര്‍ജീനിയ, ന്യൂജേഴ്സി എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറിനും മിക്കി ഷെറിലിനും വേണ്ടിയാണ് ഒബാമ പ്രചരണത്തിനിറങ്ങിയത്.
Content Highlight: Obama offers to serve as advisor if mayor wins election: Mandani