| Monday, 22nd December 2025, 8:29 am

അയ്യപ്പന്‍, ശ്രീരാമന്‍ പേരുകളിലെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം; അസാധുവാക്കണമെന്ന് പരാതി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞകളില്‍ വീണ്ടും പരാതി. അയ്യപ്പന്‍, ശ്രീരാമന്‍, ഭാരതാംബ തുടങ്ങിയ പേരുകളില്‍ നടത്തിയ സത്യപ്രതിജ്ഞകള്‍ക്ക് എതിരെയാണ് പരാതി ഉയരുന്നത്.

ഈ സത്യപ്രതിജ്ഞകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാതെ സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് പരാതി.

സാധാരണയായി ദൈവനാമത്തില്‍ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എന്നീ വാക്കുകളാണ് സത്യപ്രതിജ്ഞയില്‍ ഉപയോഗിക്കുക. എന്നാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒരു ദൈവത്തിന്റെയും പേരെടുത്ത് പറയാന്‍ ചട്ടം അനുവദിക്കുന്നില്ല.

ഇക്കാരണത്താല്‍ നിയമം പാലിക്കാതെയുള്ള സത്യപ്രതിജ്ഞയാണ് ബി.ജെ.പി അംഗങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തവരെ കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

സംസ്‌കൃത ഭാഷയിലെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്നും പരാതിയുണ്ട്. ചട്ടങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ടയിലെ കോയിപ്രം പഞ്ചായത്തിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ വോട്ടറാണ് പരാതി നല്‍കിയത്.

ഇന്നലെ (ഞായര്‍)യാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നടന്നത്. പലയിടങ്ങളിലും വാക്കുതര്‍ക്കങ്ങളും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗണഗീതം പാടിയത് വലിയ വിവാദമായിരുന്നു. എന്‍.ഡി.എ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈയടിച്ചും ഗണഗീതം പാടിയുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്തുണ നല്‍കിയത്.

വര്‍ഗീയ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.

അതേസമയം ഭരണഘടനയുടെ ചെറുരൂപം കയ്യിലേന്തിയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. കെ.എസ്. ശബരിനാഥന്‍, വൈഷ്ണ സുരേഷ് അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Oath-taking in the names of Ayyappan and Sri Ram is illegal; complaint seeks to invalidate it

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more