| Monday, 22nd December 2025, 7:49 am

ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ; ബി.ജെ.പി അംഗങ്ങളെ അയോഗ്യരാക്കണം, പരാതി

രാഗേന്ദു. പി.ആര്‍

പത്തനംതിട്ട: ‘ബലിദാനി’കളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി പഞ്ചായത്തംഗങ്ങള്‍ക്കെതിരെ പരാതി. പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളാണ് ബലിദാനികളുടെ പേരില്‍ സത്യവാചകം ചൊല്ലിയത്.

പി. ഉണ്ണികൃഷ്ണന്‍ (നാലാം വാര്‍ഡ്), ആര്‍. അശ്വതി (വാര്‍ഡ് അഞ്ച്), ജ്യോതിലക്ഷ്മി (വാര്‍ഡ് ഒമ്പത്) പി.കെ. ബിജു (വാര്‍ഡ് 11), ശരണ്യ വിജയന്‍ (വാര്‍ഡ് 12) എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കോയിപ്രം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വോട്ടര്‍ ആനപ്പാറ കിഴക്കേതില്‍ എ.കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്.

ബി.ജെ.പി പ്രവര്‍ത്തകര്‍ ഭരണഘടനാ വിരുദ്ധമായാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സന്തോഷ് കുമാര്‍ അറിയിച്ചു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് ബലിദാനികളുടെ പേരില്‍ ബി.ജെ.പിക്കാര്‍ സത്യവാചകം ചൊല്ലിയത്. നേരത്തെ പ്രിന്റ് ചെയ്ത് നല്‍കിയിരുന്ന സത്യവാചകത്തെ അവഗണിച്ചായിരുന്നു ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞ.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വരണാധികാരിയായ പി.ഡബ്ല്യൂ.ഡി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്. അനു മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

കോയിപ്രം പഞ്ചായത്തില്‍ ഏഴ് സീറ്റുകളുമായി യു.ഡി.എഫാണ് ഭരണം പിടിച്ചത്. ആറ് സീറ്റില്‍ എല്‍.ഡി.എഫും അഞ്ച് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു. അതേസമയം പത്തനംതിട്ടയിലെ കുളനട, ചെറുകോല്‍, കവിയൂര്‍ പഞ്ചായത്തുകളിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായിരുന്നു.

എട്ട് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് കുളനട പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 17 വാര്‍ഡുകളില്‍ കേവലഭൂരിപക്ഷത്തേക്കാളേറെ വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കൂടാതെ 35 വര്‍ഷത്തിന് ശേഷമാണ് കുളനടയില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുന്നത്.

ജില്ലയിലെ പന്തളം നഗരസഭയില്‍ ഉള്‍പ്പെടെ ബി.ജെ.പി തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ തവണ 18 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് ഭരണം പിടിച്ച ബി.ജെ.പിയെ ഇത്തവണ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. യു.ഡി.എഫാണ് രണ്ടാം സ്ഥാനത്ത്.

Content Highlight: Oath-taking in the name of martyrs; BJP members should be disqualified, complaint in pathanamthitta

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more