| Thursday, 25th December 2025, 11:36 am

ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ; ബി.ജെ.പി അംഗങ്ങള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെ പരാതി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സി.പി.ഐ.എമ്മിന്റെ പരാതി. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞക്കെതിരെയാണ് പരാതി. ബി.ജെ.പിയുടെ 20 അംഗങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തുവെന്ന് സി.പി.ഐ.എം പരാതിയില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. ചട്ടം ലംഘിച്ചുള്ള സത്യപ്രതിജ്ഞകളില്‍ നാളെ (ഡിസംബര്‍ 26) കോടതിയെ സമീപിക്കുമെന്നും സി.പി.ഐ.എം അറിയിച്ചു.

‘ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ ലംഘനമാണ്. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കിയ ചരിത്രമുണ്ട്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് ഭരണഘടനാപരമായി ചെയ്യാനാകുക. ഒരു പ്രത്യേക ദൈവത്തിന്റെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്നത് തെറ്റാണ്,’ വി. ജോയി മാധ്യമങ്ങളോട് പ്രതികരിച്ചു.

നാളെയാണ് സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സി.പി.ഐ.എമ്മിന്റെ പരാതി.

ആറ്റുകാലമ്മ, പത്മനാഭസ്വാമി, ഭാരതാംബ, അയ്യപ്പന്‍, ശ്രീരാമന്‍ തുടങ്ങിയ പേരുകളിലായിരുന്നു ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതേസമയം ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞകളില്‍ നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് കോടതിയാണെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് സി.പി.ഐ.എം.

ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബി.ജെ.പി അംഗങ്ങള്‍ക്കെതിരെയും പരാതിയുണ്ട്.

Content Highlight: Oath in the name of gods; CPIM files complaint against BJP members

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more