| Friday, 20th November 2026, 4:46 pm

സായ് പല്ലവിയുടെ ഓം... ഒപ്പം സായ് അഭ്യങ്കറിന്റെയും

അമര്‍നാഥ് എം.

അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റൊരുക്കിയ രാജ്കുമാര്‍ പെരിയസാമി ധനുഷുമായി ഒന്നിക്കുന്നു, പ്രധാന റോളില്‍ മലയാളത്തിന്റെ മമ്മൂട്ടിയും. ഓം… (അങ്ങനെ പറഞ്ഞാല്‍ സെന്‍സര്‍ ബോര്‍ഡ് അധികാരികള്‍ക്കും അവരുടെ ഫാന്‍സിനും വിഷമമാകും) ഓ.എം എന്ന സിനിമക്ക് വേണ്ടി കാത്തിരുന്നതിന്റെ പ്രധാന കാരണം ഇത് രണ്ടുമായിരുന്നു. ഒപ്പം ഓരോ അപ്‌ഡേറ്റിലും സായ് അഭ്യങ്കര്‍ എന്ന 22 കാരന്‍ ബി.ജി.എം കൊണ്ട് ആറാടിയപ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയര്‍ന്നു.

കണ്ടുശീലിച്ച ഗ്യാങ്‌സ്റ്റര്‍ കഥകളുടെ ടെംപ്ലേറ്റിലാണ് ഓ.എമ്മിന്റെയും കഥ. പോക്കിരി മുതല്‍ ധുരന്ധര്‍ വരെ പറഞ്ഞ അതേ തീമിനെ അല്പം ഗ്രൗണ്ടഡായും ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിയുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളിലേക്ക് രാജ്കുമാര്‍ പെരിയസാമി തന്റെ ഫിക്ഷനെ എഴുതിച്ചേര്‍ത്ത രീതി കൈയടി അര്‍ഹിക്കുന്നതാണ്.

2015ല്‍ ആന്ധ്രയിലെ ശേഷാചലത്ത് നടന്ന പൊലീസ് എന്‍കൗണ്ടറിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. അതിലേക്ക് രക്തചന്ദന കടത്ത് മാഫിയ, ആന്ധ്ര- തമിഴ്‌നാട് പൊലീസ് ഓപ്പറേഷനുകള്‍ എന്നീ എലമെന്റുകള്‍ വളരെ ഭംഗിയായി ബ്ലെന്‍ഡ് ചെയ്തിട്ടുണ്ട്. എടുത്തുപറയേണ്ടത് ചിത്രത്തിന്റെ വേള്‍ഡ് ബില്‍ഡിങ്ങാണ്.

സ്മഗ്ലിങ് മാഫിയ കാരണം എല്ലാവരും നഷ്ടപ്പെട്ട പൊലീസ് ഓഫീസര്‍, പൊലീസുകാര്‍ കാരണം ഉറ്റവരെ നഷ്ടപ്പെട്ട മലവാസികള്‍, ഇതേ മാഫിയ കാരണം ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഗ്യാങ്‌സ്റ്റര്‍. ഇത്രയും ആളുകളുടെ കഥയിലേക്ക് കൃത്യമായി കണക്ട് ചെയ്യിക്കാനാണ് സംവിധായകന്‍ ആദ്യപകുതി ഉപയോഗിച്ചിരിക്കുന്നത്.

കൃത്യമായ ഇടവേളകളില്‍ മാസ് സീനുകളും ക്ലാസ് സീനുകളും സമ്മാനിച്ചാണ് ഫസ്റ്റ് ഹാഫ് മുന്നേറുന്നത്. അപ്രതീക്ഷിതമായ ഒരു പോയിന്റില്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇതിലും വലുത് എന്തോ വരാനിരിക്കുന്നു എന്ന ഫീല്‍ സമ്മാനിക്കുന്നുണ്ട്.

എന്നാല്‍ ആദ്യപകുതിയുടെ പേസില്‍ നിന്ന് പൂര്‍ണമായും മാറിനിന്നുകൊണ്ട് ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രണ്ടാം പകുതി കഥപറയുന്നത്. ക്ലൈമാക്‌സില്‍ ചെറുതായി ഒന്ന് ആളിക്കത്തുമ്പോള്‍ തന്നെ സിനിമ തീര്‍ന്നുപോവുകയാണ്. എന്നിരുന്നാലും ഒരിക്കലും മോശം സിനിമയായി ഓ.എം മാറുന്നില്ല. ക്ലാസിനും മാസിനും ഇടയിലുള്ള നൂലിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ ത്രീ ഡ്രാഗണ്‍ മീമുമായി ചിത്രത്തെ താരതമ്യം ചെയ്യാം. സായ് പല്ലവിയുടെ സിനിമയാണ് ഓ.എം എന്ന് സംശയമില്ലാതെ പറയാനാകും. ‘ഇവള്‍ക്കൊക്കെ പൊലീസ് റോള്‍ ചേരുമോ’ എന്ന് ചോദിച്ചവരുടെ വായടപ്പിച്ച പെര്‍ഫോമന്‍സാണ് താരം ആദ്യാവസാനം കാഴ്ചവെക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സായ് പല്ലവിയുണ്ട്. മാസിന് മാസും ക്ലാസിന് ക്ലാസുമായി താരം നിറഞ്ഞുനിന്നു.

നാല് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെയും രണ്ട് ദേശീയ അവാര്‍ഡ് നേടിയ ധനുഷിനെയും ഫൈറ്റിലും പെര്‍ഫോമന്‍സിലും സായ് പല്ലവി സൈഡാക്കി വിട്ടു. സീതയുടെ ക്ലാസില്‍ നിന്ന് നിത്യ റെഡ്ഡിയുടെ മാസ്+ ക്ലാസിലേക്കുള്ള താരത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ എടുത്തു പറയണം.

കേരളത്തില്‍ ഓ.എമ്മിന്റെ ഹൈപ്പ് ഉയര്‍ത്തിയ മമ്മൂട്ടിയാണ് രണ്ടാമത്തെ ഡ്രാഗണ്‍. സിയാ കാര്‍ത്തികേയന്‍ മമ്മൂട്ടി എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ വന്ന് നില്‍ക്കുമ്പോഴെല്ലാം അപാരമായ പ്രഭാവലയ വിളവെടുപ്പ് അഥവാ ഓറാ ഫാമിങ് നടത്താന്‍ മമ്മൂട്ടിക്ക് സാധിച്ചു. സായ് അഭ്യങ്കറിന്റെ മാസ് ബി.ജി.എമ്മിലൂടെയുള്ള എന്‍ട്രി തിയേറ്ററുകളെ പൂരപ്പറമ്പാക്കി. ചെമ്പ് കലര്‍ന്ന 916 തങ്കം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കള്ളക്കടത്തുകാരന്‍ മമ്മൂട്ടി എന്ന പെര്‍ഫോമറിന് കേക്ക്‌വാക്കായിരുന്നു.

രാജ്കുമാര്‍ പെരിയസാമി എന്ന ഫാന്‍ബോയ് മമ്മൂട്ടിയെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനോടടുത്തുള്ള ഒരു പോര്‍ഷനില്‍ മമ്മൂട്ടി എന്ന അഭിനയ രാക്ഷസനെ സംവിധായകന്‍ ഉപയോഗിച്ച രീതി മറ്റ് സംവിധായകര്‍ക്ക് ഒരു ടെക്‌സ്റ്റ് ബുക്കാണ്. വിന്റേജ് മമ്മൂട്ടി, റീബൂട്ടഡ് മമ്മൂട്ടി എന്നൊന്നും ഇവിടെയില്ല. ഓരോ സിനിമയിലും ഓരോ മമ്മൂട്ടിയാണ്.

ആക്ഷനില്‍ സായ് പല്ലവിക്കും പെര്‍ഫോമന്‍സില്‍ മമ്മൂട്ടിക്കും പൂണ്ട് വിളയാടാന്‍ സ്‌പേസ് നല്‍കിയ ധനുഷിനെ പ്രത്യേകം അഭിനന്ദിക്കണം. താനാണ് നായകന്‍, ആരും തന്നെക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ പാടില്ലെന്ന് വാശി പിടിക്കുന്ന തമിഴിലെ സ്ഥിരം സ്റ്റാര്‍ ഇമേജിനെ ധനുഷും പൊളിച്ചെഴുതുന്നത് എടുത്തുപറയേണ്ടതാണ്. സ്‌ക്രീന്‍ പ്രസന്‍സിലും പെര്‍ഫോമന്‍സിലും മറ്റുള്ളവര്‍ക്കൊപ്പം ധനുഷും കട്ടക്ക് പിടിച്ച് നിന്നിട്ടുണ്ട്.

കറുപ്പിന് ശേഷം തമിഴില്‍ ഒരിക്കല്‍കൂടി നായകനെ സൈഡാക്കി ഇന്ദ്രന്‍സും തന്റെ റോള്‍ ഗംഭീരമാക്കി. ക്യൂട്ട്‌നെസ് റാണി റോളുകളില്‍ നിന്ന് മാറി ശ്രീലീല ഇത്തവണ ഞെട്ടിച്ചു. റോജാപ്പൂ പോലെ മനോഹരമായ കഥാപാത്രമായിരുന്നു താരത്തിന്റേത്. മമ്മൂട്ടിയുടെ പെയറായി വേഷമിട്ട രേണു ദേശായ്, കാര്‍ത്തികേയന്റെ സഹായിയായി വേഷമിട്ട ടി.എസ്.കെ, കറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീന എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

നസറുദ്ദീന്‍ ഷായുടെ അബ്ദുള്‍ ഹമീദിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ കൂടെയുള്ള ഫ്രെയിമില്‍ അപാരമായ സ്‌ക്രീന്‍ പ്രസന്‍സായിരുന്നു താരത്തിന്.

ക്യാമറക്ക് മുന്നില്‍ ഒരു സായ് തകര്‍ത്തടിച്ചപ്പോള്‍ ക്യാമറക്ക് പിന്നില്‍ നിന്ന് ആളിക്കത്തിച്ച രണ്ടാമത്തെ സായ് ആണ് ഓ.എമ്മിലെ മൂന്നാമത്തെ ഡ്രാഗണ്‍. മ്യൂസിക് കൊണ്ട് മാത്രം ഒരു സിനിമയെ രക്ഷിക്കാനാകില്ലെന്ന് കരുതുന്ന സംഗീത സംവിധായകര്‍ സായ് അഭ്യങ്കറിന്റെ വര്‍ക്കുകള്‍ റഫറന്‍സ് മെറ്റീരിയലാക്കുന്നത് നല്ലതാണ്.

മാസിന് മാസും ക്ലാസിന് ക്ലാസും ഒരുപോലെ ഒരുക്കിയിട്ടുണ്ട് ഈ 22 കാരന്‍. പാട്ടുകളായാലും ബി.ജി.എമ്മായാലും ഒന്നിനൊന്ന് തീപ്പൊരിയാണ്. ‘വീഴാ വീരാ’, ‘ഫങ്ക് സാര്‍’ തുടങ്ങിയ പാട്ടുകളുടെ പ്ലേസ്‌മെന്റ് എടുത്തുപറയേണ്ടതാണ്.

എഴില്‍ അരസ്…. കഥയുടെ കൂടെ സഞ്ചരിക്കുന്ന ക്യാമറ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രത്തില്‍ എഴിലിന്റെ ഫ്രെയിമുകള്‍. തുടക്കത്തിലെ സിംഗിള്‍ ഷോട്ട് സീന്‍ നല്‍കിയ എക്‌സ്പീരിയന്‍സ് അപാരമായിരുന്നു. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവരുടെ ഓറ കൃത്യമായി ഒപ്പിയെടുത്തത് കൈയടി അര്‍ഹിക്കുന്നു.

മൂന്ന് മണിക്കൂറോളം വരുന്ന ചിത്രത്തെ ക്രിസ്പായി ഒരുക്കിയ കലൈവാണന്റെ എഡിറ്റിങ്ങും ഗംഭീരമായിരുന്നു. ട്രാന്‍സിഷന്‍ ഷോട്ടുകളും ഇന്റര്‍ കട്ടുകളും പ്രേക്ഷകര്‍ക്ക് മടുപ്പ് സമ്മാനിച്ചില്ല. കറുപ്പിന് ശേഷം തന്റെ റേഞ്ച് ഒരിക്കല്‍ കൂടി കലൈവാണന്‍ വ്യക്തമാക്കി.

തമിഴ്‌നാട്- ആന്ധ്ര ബോര്‍ഡറില്‍ നടക്കുന്ന കഥയായതിനാല്‍ ചിത്രത്തിന്റെ 20 ശതമാനത്തിനടുത്ത് തെലുങ്ക് ഡയലോഗുകളാണ്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ക്ക് പകരം തമിഴ് സബ്‌ടൈറ്റില്‍ നല്‍കിയത് സാധാരണ പ്രേക്ഷകര്‍ക്ക് ചിത്രം ഫോളോ ചെയ്യാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടാക്കും എന്നത് എടുത്തുപറയണം. സിനിമ കാണുന്നവര്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ള സ്‌ക്രീന്‍ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മൊത്തത്തില്‍ മാസും ക്ലാസും ചേര്‍ന്ന നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായി ഓ.എമ്മിനെ കണക്കാക്കാം.

Content Highlight: O M Operation Mole Movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more