| Friday, 27th November 2026, 4:55 pm

നൂറ് കോടി കിട്ടിയിട്ടും രക്ഷയില്ല, കേരളത്തില്‍ രക്ഷപ്പെട്ടിട്ടും തമിഴ്‌നാട്ടില്‍ ഹിറ്റാകാന്‍ കിതച്ച് ഓ.എം

അമര്‍നാഥ് എം.

ഈ വര്‍ഷം തമിഴിലെ എട്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് ഓ.എം. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന് വന്‍ ഹൈപ്പായിരുന്നു റിലീസിന് മുമ്പ് ലഭിച്ചിരുന്നത്. ഓരോ അപ്‌ഡേറ്റിലും മിനിമം ക്വാളിറ്റി കാത്തുസൂക്ഷിച്ച ചിത്രത്തിന് മികച്ച വരവേല്പ് ലഭിക്കുകയും ചെയ്തു.

എന്നാല്‍ ദൈര്‍ഘ്യത്തിന്റെ ആധിക്യം ചിത്രത്തിന് തിരിച്ചടിയായെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായിരുന്നു ഓ.എമ്മിന് ലഭിച്ചത്. നാല് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇതുവരെ 120 കോടി മാത്രമേ നേടിയുള്ളൂ. ചിത്രം ലാഭമാകാന്‍ ഇനിയും 65 കോടിക്കടുത്ത് ലഭിക്കണമെന്നാണ് കണക്കുകള്‍.

റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‌നാട്ടിലും ഓവര്‍സീസിലുമൊഴികെ ഓ.എം ലാഭമായിരിക്കുകയാണ്. കേരളത്തില്‍ ഇതുവരെ 14 കോടിയിലേറെ ഓ.എം നേടിക്കഴിഞ്ഞു. ആദ്യ ആഴ്ചയില്‍ തന്നെ വിതരണക്കാരന് ലാഭം സമ്മാനിക്കാന്‍ ചിത്രത്തിന് സാധിച്ചു. ആന്ധ്രയില്‍ 20 കോടിയിലേറെ നേടി ഹിറ്റ് സ്റ്റാറ്റസിലെത്തുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ആകെ 30 കോടിയിലേറെ മാത്രമേ നേടിയിട്ടുള്ളൂ. റൈറ്റ്‌സ് തുക ലാഭകരമാകണമെങ്കില്‍ ഇനിയും 65 കോടിക്കടുത്ത് ആവശ്യമാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടാന്‍ ഓ.എമ്മിന് സാധിക്കുള്ളൂ എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. ധനുഷിന്റെ കരിയറിലെ ആറാമത്തെ നൂറ് കോടിയും മമ്മൂട്ടിയുടെ ആദ്യ 100 കോടിയും ഓ.എമ്മിലൂടെ പിറവിയെടുത്തു.

തമിഴ്‌നാട്ടില്‍ അടുത്തൊന്നും പുതിയ റിലീസുകളില്ലാത്തത് ഓ.എമ്മിന് മുതലെടുക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ ആദ്യ ആഴ്ചയില്‍ തന്നെ വലിയ ഡ്രോപ്പ് നേരിടുന്ന ചിത്രം ഹിറ്റാക്കാന്‍ സാധിച്ചാല്‍ ധനുഷിന്റെ കരിയറിന് ഗുണം ചെയ്യുമെന്നാണ് ട്രാക്കര്‍മാരുടെ അഭിപ്രായം. ഹാട്രിക് ഹിറ്റിലൂടെ പഴയ ട്രാക്കിലേക്ക് സൂര്യ തിരിച്ചെത്തിയതും ധനുഷിന് കാര്യങ്ങള്‍ പ്രയാസമാക്കുകയാണ്.

ശേഷാചലം കാടുകളിലെ രക്തചന്ദന കടത്തും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണ് ഓ.എമ്മിന്റെ കഥ. തിരു എന്ന അണ്ടര്‍കവര്‍ പൊലീസായി ധനുഷ് വേഷമിടുമ്പോള്‍ സിയാ കാര്‍ത്തികേയന്‍ എന്ന ഗ്യാങ്‌സ്റ്ററായി മമ്മൂട്ടിയും കൈയടി നേടി. എന്നാല്‍ ഇരുവരെയും പിന്തള്ളി ഷോ സ്റ്റീലറായി മാറിയത് സായ് പല്ലവിയാണ്. നിത്യ റെഡ്ഡി എന്ന കഥാപാത്രവും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: O M Movie struggles to become breakeven in Tamilnadu

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more