റേഡിയോ ജോക്കിയായി കരിയറാരംഭിച്ച് പിന്നീട് സിനിമാലോകത്തേക്ക് കടന്നുവന്ന താരങ്ങളിലൊരാളാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
ഏറ്റവും പുതിയ ചിത്രമായ മായന്‍ ചാപ്റ്റര്‍ വണ്‍ റിലീസിന് തയാറെടുക്കുകയാണ്. ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് നൈലയുടേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ജയസൂര്യയുടെ പെയറായി അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം.
നൈല ഉഷ Photo: Screen grab/ Online Malayali Events
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജയസൂര്യക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതെന്ന് നൈല പറഞ്ഞു. രണ്ടാമത്തെ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയായിരുന്നു നായകനെന്നും ആ ചിത്രം തനിക്ക് ഒരുപാട് പ്രശംസ സമ്മാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് ചോദ്യത്തോടും താരം പ്രതികരിച്ചു. മായന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നൈല ഉഷ.
‘പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യയുടെ നായികയാകുന്ന ചിത്രമാണിത്. വളരെ പ്രാധാന്യമുള്ള റോളാണിത്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാനൊരു ഡിഫറന്റ് വൈഫ് ആവുകയേ ഇല്ല. വളരെയധികം സ്‌നേഹിക്കുന്ന, അണ്ടര്‍സ്റ്റാന്‍ഡ് ചെയ്യുന്ന കഥാപാത്രമാകും. പുണ്യാളനിലൊക്കെ കണ്ടതുപോലെയുള്ള കഥാപാത്രമുണ്ടല്ലോ. അതുപോലെ തന്നെയാണ് ഇതിലും.
പുണ്യാളന്‍ അഗര്‍ബത്തീസ് Photo: IMDb
പുണ്യാളന്‍ അഗര്‍ബത്തീസ് 2ലേക്ക് എന്നെ വിളിച്ചതായിരുന്നു. പക്ഷേ, അതിന്റെ സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവരെന്നെ പടമാക്കിയതാണ്. ഇപ്പോള്‍ മായനിലേക്ക് എത്തിയപ്പോള്‍ ഗംഭീരമായിട്ടുള്ള കഥയാണ്. ട്രെയ്‌ലറില്‍ നിങ്ങള്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സിനിമയിലുണ്ട്. അതെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് വിശ്വാസം,’ നൈല ഉഷ പറഞ്ഞു.
കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. മിസ്റ്ററി ഡാര്‍ക്ക് ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നതായിരുന്നു. കറുത്തച്ചനൂട്ട്, നരബലി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ഡിസംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും.
Content Highlight: Nyla Usha about why she didn’t acted in sequel of Punyalan Agarbathies movie