ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നൈല ഉഷ ഭാഗമാകുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
നരബലിയടക്കം ഡാര്‍ക്കായിട്ടുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. ഒരു പെണ്‍കുട്ടിയുടെ മിസ്സിങ് കേസും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നൈല ഉഷ. മായന്റെ ഡബ്ബ് ചെയ്യുന്ന സമയത്ത് മമ്മൂട്ടിയും അവിടെ ഉണ്ടായിരുന്നെന്ന് താരം പറഞ്ഞു.
നൈല ഉഷ Photo: Screen grab/ Mathrubhumi
ഓ.എമ്മിന്റെ ഡബ്ബിങ്ങിന് വേണ്ടിയായിരുന്നു മമ്മൂട്ടി അവിടെ എത്തിയതെന്ന് നൈല ഉഷ പറയുന്നു. അദ്ദേഹത്തെ കാണാന്‍ പോയാലോ എന്ന് ആലോചിച്ചെന്നും എന്നാല്‍ പിന്നീട് അത് വേണ്ടെന്ന് വെച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് മമ്മൂട്ടിയെ പോയി കണ്ടെന്നും നൈല ഉഷ പറയുന്നു. ഒറിജിനല്‍ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഓ.എമ്മിന്റെ ഡബ്ബിന് വേണ്ടി മമ്മൂക്ക എത്തിയെന്ന് അറിഞ്ഞപ്പോള്‍ കാണാന്‍ വേണ്ടി പോയി. അപ്പോള്‍ അവിടത്തെ ടീം എന്നോട് ‘അഞ്ച് ദിവസമായി ഡബ്ബിങ് തുടങ്ങിയിട്ട്. ഇതുവരെ പകുതി പോലും ആയിട്ടില്ല. ഓരോരുത്തര്‍ കാണാന്‍ വേണ്ടി വരുമ്പോള്‍ അവരോട് സംസാരിക്കാന്‍ മമ്മൂക്ക പുറത്തേക്ക് വരും. അങ്ങനെ ഓരോരുത്തരും വരുന്നതുകൊണ്ട് ഡബ്ബിങ് കംപ്ലീറ്റാകുന്നില്ല’ എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ പിന്‍വാങ്ങി.
നൈല ഉഷ Photo: Facebook/ Nyla Usha
പിന്നീട് ജിതിന്‍ വഴി മമ്മൂക്കയെ കാണാന്‍ പറ്റി. കളങ്കാവല്‍ ചെയ്തത് ജിതിനായിരുന്നല്ലോ. ആ ഒരു ബന്ധം വെച്ച് മമ്മൂക്കയുടെ ഡബ്ബിങ് നടക്കുന്ന സ്ഥലത്തേക്ക് എത്തി. ‘ഏത് സിനിമക്കാണ് ഡബ്ബ് ചെയ്യാന്‍ വന്നത്’ എന്ന് ചോദിച്ചപ്പോള്‍ മായനെന്ന് പറഞ്ഞു. സിനിമയെക്കുറിച്ചും കഥയെക്കുറിച്ചും പറഞ്ഞപ്പോള്‍ ‘നീയാണോ ഇതിലെ കറുത്തമ്മ’ എന്ന് തമാശരൂപത്തില്‍ ചോദിച്ചു. അദ്ദേഹം അത്രയും കൂളാണ്,’ നൈല ഉഷ പറയുന്നു.
കളങ്കാവലിന്റെ അതേ ടീമാണ് മായന്റെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. മുജീബ് മജീദ് സംഗീതവും ഫൈസല്‍ അലി ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറാണ്. വിജയ് ബാബു, ആര്‍ഷ ബൈജു, ഐശ്വര്യ, ജയിംസ് എലിയാ തുടങ്ങി വന്‍ താരനിര മായനില്‍ അണിനിരക്കുന്നു. ഡിസംബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Nyla Usha about her interaction with Mammootty during Mayan movie dubbing