| Thursday, 12th November 2026, 1:17 pm

ഹുവാങിന്റെ ഭാവിയില്‍ തീരുമാനമായില്ലെങ്കിലും എന്‍വിഡിയ ഓഹരിയിന്‍ വന്‍ ഇടിവ്; നേട്ടമുണ്ടാക്കി എ.എം.ഡി

റെന്വര്‍ പി

ന്യൂയോര്‍ക്ക്: ചൈനീസ് ചാരയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണം നേരിടുന്ന ജെന്‍സണ്‍ ഹുവാങ്ങിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍വിഡിയ ഡയരക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കമ്പനിയുടെ ഓഹരികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച നടന്ന ‘ആഫ്റ്റര്‍ അവേഴ്‌സ്’ (വിപണി സമയം കഴിഞ്ഞുള്ള) വ്യാപാരത്തില്‍ എന്‍വിഡിയയുടെ ഓഹരികള്‍ എട്ട് ശതമാനം ഇടിഞ്ഞതായി നാസ്ഡാഖ് ഓഹരി സൂചികയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ജെന്‍സണ്‍ ഹുവാങ്ങും ചൈനീസ് ചാരയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ എന്‍വിഡിയയുടെ ഓഹരികള്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ആകെ 9.5 ശതമാനം ഇടിവുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏകദേശം 430 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു.

ബുധനാഴ്ച നടന്ന വ്യാപാരത്തിനിടയില്‍ ഓഹരികള്‍ 2.9 ശതമാനം തിരിച്ചു കയറിയെങ്കിലും, വ്യാപാര സമയം അവസാനിച്ചതിന് പിന്നാലെ എട്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ചത്തെ ആഫ്റ്റര്‍ അവേഴ്‌സിന് ശേഷം കമ്പനിയുടെ വിപണി മൂല്യത്തില്‍ വന്ന കുറവ് 500 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നു.

നവംബര്‍ 11-ന് എന്‍വിഡിയയുടെ ഓഹരി വില 173.73 ഡോളറിലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 243.37 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് ഏകദേശം 29 ശതമാനത്തിന്റെ ഇടിവാണ്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ ഏകദേശം 1.7 ട്രില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.

ജെന്‍സെന്‍ ഹുവാങ്ങിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ എന്‍വിഡിയയുടെ പ്രധാന എതിരാളികളില്‍ ഒന്നായ എ.എം.ഡിയുടെ ഓഹരി മൂല്യം ഉയര്‍ന്നു. എ.എം.ഡിയുടെ ഓഹരികള്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21 ശതമാനത്തിലധികം ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്‍വിഡിയയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാന്‍ നിക്ഷേപകര്‍ സമാന സാങ്കേതിക വിദ്യാ രംഗത്തുള്ള മറ്റ് ഓഹരികളിലേക്ക് തിരിഞ്ഞതാണ് എ.എം.ഡിയുടെ ഓഹരി മൂല്യം കൂടാന്‍ കാരണമായത്. എ.ഐ വികസനത്തിന് ശക്തി പകരുന്ന വലിയ തോതിലുള്ള ഡാറ്റാ സെന്ററുകള്‍ക്കായുള്ള ഗ്രാഫിക്‌സ് പ്രോസസറുകളും എ.ഐ ചിപ്പുകളും നിര്‍മിക്കുന്നതില്‍ എന്‍വിഡിയയോട് മത്സരിക്കുന്ന സ്ഥാപനമാണ് എ.എം.ഡി. എന്നാല്‍ എന്‍വിഡിയയെ അപേക്ഷിച്ച് താരതമ്യേന ചെറിയ കമ്പനിയാണ് എ.എം.ഡി. ഹുവാങ്ങും അകന്ന ബന്ധുവാണ് എഎംഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ലിസ സു. ഇരുവരും തായ്വാനില്‍ ജനിച്ചവരാണ്.

ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്നേറ്റത്തിന് കാരണമായ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ എന്‍വിഡിയയ്ക്കുള്ള ആധിപത്യം, അവരുടെ ഓഹരികളെ നിക്ഷേപകര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാക്കിയിരുന്നു. കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെന്‍സണ്‍ ഹുവാങ്, തുടക്കത്തില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നടത്തിയ നിക്ഷേപം എന്‍വിഡിയയുടെ വളര്‍ച്ചയ്ക്ക് വലിയ കരുത്തേകുകയും ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 470 ശതമാനത്തിലധികം വര്‍ദ്ധിക്കുകയും, ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജെന്‍സണ്‍ ഹുവാങിന് ചൈനീസ് ചാരയായ സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു.

ഇന്നാണ് (നവംബര്‍ 12, വ്യാഴം) എന്‍വിഡിയ ബോര്‍ഡ് മീറ്റിങ്. ജെന്‍സണ്‍ ഹുവാങിനെ പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ആരാകും സ്ഥാപനത്തിന്റെ അടുത്ത സി.ഇ.ഒ എന്നതിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഹുവാങ്ങിന് വ്യക്തമായ പിന്‍ഗാമിയാരെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ എന്‍വിഡിയയിലെ എന്‍ജിനീയറായ ഇയാന്‍ ബക്ക്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോലെറ്റ് ക്രെസ്സ് എന്നിവരിലൊരാളെ താത്കാലികമായി ഈ ചുമതലയില്‍ നിയമിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Nvidia shares plunge amid reports board to discuss CEO Huang’s future

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more