| Saturday, 21st March 2026, 9:48 pm

മധ്യപൂര്‍വേഷ്യയില്‍ എ.ഐ വിപ്ലവത്തിന് എന്‍വിഡിയ; യുദ്ധാനന്തരം മേഖല കൂടുതല്‍ സുസ്ഥിരമാകുമെന്ന് ജെന്‍സണ്‍ ഹുവാങ്

ആദർശ് എം.കെ.

ടെഹ്‌റാന്‍: നിലവില്‍ അമേരിക്കയും ഇസ്രഈലും ഇറാനില്‍ നടത്തുന്ന യുദ്ധാനന്തരം മധ്യപൂര്‍വേഷ്യ മുമ്പുള്ളതിനേക്കാള്‍ സുസ്ഥിരമാകുമെന്ന് എന്‍വിഡിയ (NVIDIA) സി.ഇ.ഒ ജെന്‍സണ്‍ ഹുവാങ്. നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും മേഖലയിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു.

യുദ്ധത്തിന് ശേഷം മേഖല നേരത്തെയുള്ളതിനേക്കാള്‍ സുസ്ഥിരമാകുമെന്നും സാങ്കേതിക വികസനത്തിന് വലിയ അവസരങ്ങള്‍ തുറന്നിടുമെന്നുമാണ് അദ്ദേഹം വിലയിരുത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ അവിടെ എ.ഐ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്

‘യുദ്ധത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം അവസാനിക്കുമ്പോള്‍ മധ്യപൂര്‍വേഷ്യ മുന്‍പത്തേക്കാള്‍ കൂടുതല്‍ സുസ്ഥിരമാകുമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ, യുദ്ധത്തിന് മുന്‍പ് നമ്മള്‍ അക്കാര്യം (എ.ഐ വ്യാപിപ്പിക്കുന്നത്) പരിഗണിച്ചിരുന്നെങ്കില്‍, യുദ്ധത്തിന് ശേഷവും അത് തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ആ നീക്കത്തില്‍ ഞാന്‍ നൂറ് ശതമാനവും സന്നദ്ധനാണ്,’ അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന് മുന്‍പ് തന്നെ ഈ മേഖലയിലെ സാങ്കേതിക സാധ്യതകളെക്കുറിച്ച് എന്‍വിഡിയ ആലോചിച്ചിരുന്നതായും, വരാനിരിക്കുന്ന സുസ്ഥിരമായ സാഹചര്യം ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ അനുയോജ്യമാണെന്നുമാണ് ജെന്‍സണ്‍ ഹുവാങ് വ്യക്തമാക്കുന്നത്.

ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഈ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏകദേശം 1,300 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇതിന് മറുപടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക-ഇസ്രഈല്‍ കേന്ദ്രങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി യു.എസ്, ഇസ്രഈല്‍ സൈനികര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് പ്രതിരോധത്തിന്റെ പുതിയ തലങ്ങള്‍ ഇറാന്‍ തുറന്നതോടെ ലോകമെമ്പാടുമുള്ള ചരക്കുനീക്കങ്ങളും പ്രതിസന്ധിയിലായി.

Content Highlight: NVIDIA CEO Jensen Huang says the Middle East will be more stable than before.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more