| Monday, 3rd August 2026, 12:45 pm

2011 ലോകകപ്പ് ഫൈനലില്‍ അദ്ദേഹത്തിന്റെ ക്യാച്ച് കൈവിട്ടതില്‍ സങ്കടമുണ്ട്: ശ്രീലങ്കന്‍ താരം

സുദേവ് എ

നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ 2011ല്‍ ലോക ചാമ്പ്യന്‍മാരായത്. 1983ന് ശേഷം എം.എസ് ധോണിയുടെ കീഴിലായിരുന്നു ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് നേടി ലോകത്തിന്റെ നെറുകയില്‍ എത്തിയത്. വാംഖഡെയുടെ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ ഈ വിജയം ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയും ഹൃദയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്.

ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ധോണിയുടെയും ഇന്നിങ്‌സിന്റെ കരുതിലായിരുന്നു ലങ്കയെ ഇന്ത്യ കലാശപ്പോരില്‍ വീഴ്ത്തിയത്. ഇപ്പോഴിതാ ഈ ലോകകപ്പ് ഫൈനലിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖര.

മത്സരത്തില്‍ ഗംഭീറിന്റെ ക്യാച്ച് നഷ്ടമാക്കിയതിനെകുറിച്ചാണ് കുലശേഖര സംസാരിച്ചത്. ഗംഭീറിന്റെ ക്യാച്ച് നേടാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ മുന്‍ ലങ്കന്‍ പേസര്‍ മഞ്ഞ് മത്സരത്തിന്റെ ഫലത്തെ സ്വാധീനിച്ചുവെന്നും പറഞ്ഞു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുലശേഖര.

‘മത്സരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞങ്ങള്‍. ഗംഭീറിന്റെ ഒരു പ്രധാന ക്യാച്ച് ഞാന്‍ കൈവിട്ടു. അതില്‍ എനിക്ക് സ്വാഭാവികമായും സങ്കടമുണ്ട്. വലിയ മത്സരങ്ങളില്‍ ഇത്തരത്തിലുള്ള നിമിഷങ്ങള്‍ സംഭവിക്കാറുണ്ട്.

2016 ടി-20 ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സിനും ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നു. പിന്നീട് 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചു. ഇത്തരം അനുഭവങ്ങള്‍ കളിയുടെ ഭാഗമാണ്. ആ ഫൈനലില്‍ മഞ്ഞ് മത്സരത്തിന്റെ ഫലത്തെ സ്വാധീനിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്,’ നുവാന്‍ കുലശേഖര പറഞ്ഞു.

മത്സരത്തില്‍ ഗംഭീര്‍ 30 റണ്‍സ് നേടി നില്‍ക്കെയായിരുന്നു കുലശേഖര ക്യാച്ച് നഷ്ടമാക്കിയത്. ബൗണ്ടറി ലൈനില്‍ നിന്നും വളരെ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്ന ഒരു ക്യാച്ചായിരുന്നു അന്ന് കുലശേഖര നഷ്ടമാക്കിയത്. ഈ നിമിഷം മത്സരത്തിലെ ഏറെ നിര്‍ണായകമായ നിമിഷമായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും വിരേന്ദര്‍ സെവാഗിനെയും നഷ്ടമാവുകയായിരുന്നു. ലങ്കന്‍ ഇതിഹാസ ബൗളര്‍ ലസിത് മലിംഗയായിരുന്നു ഇരു താരങ്ങളെയും പുറത്താക്കിയത്.

എന്നാല്‍ ഈ സമ്മര്‍ദഘട്ടത്തില്‍ ഗൗതം ഗംഭീറാണ് ഇന്ത്യയുടെ രക്ഷകനായത്.ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയാണ് തിളങ്ങിയത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീണെങ്കിലും സെഞ്ച്വറിയെക്കാള്‍ തിളക്കമുള്ള ഇന്നിങ്സായിരുന്നു ഗംഭീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗംഭീറിന് ശേഷം ക്രീസിലെത്തിയ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ധോണിയുടെ മികച്ച ഫിനിഷിങ് കൂടിയായപ്പോള്‍ ഇന്ത്യ രണ്ടാം ഏകദിന കിരീടം നേടുകയായിരുന്നു. 79 പന്തില്‍ പുറത്താവാതെ 91 റണ്‍സ് നേടിയാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Nuwan Kulasekara shares his memories of the 2011 ODI World Cup final

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more