ന്യൂദല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാന ആണവോര്‍ജ മേഖലയില്‍ ആദ്യമായി സ്വകാര്യവത്കരണത്തിന് അനുമതി നല്‍കി മോദി സര്‍ക്കാര്‍. രാജ്യത്ത് വിദേശ കമ്പനികള്‍ക്കടക്കം ആണവോര്‍ജ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന ശാന്തി (സസ്റ്റെയ്‌നബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ) 2025 ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പാര്‍ലമെന്റില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ ഈയാഴ്ച തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2047ഓടെ 100 ജിഗാവാട്ട് ആണവോര്‍ജശേഷി കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രിസഭാ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റേത് പരിമിതമായ ആണവോര്‍ജ മേഖലയാണെന്നും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
എന്നാല്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയടക്കം ചോദ്യം ചെയ്യുന്ന നീക്കമാണിതെന്നാണ് സൂചനകള്‍. ആണവ സുരക്ഷ മുന്‍നിര്‍ത്തി 2010ല്‍ തയ്യാറാക്കിയ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിനെ വെല്ലുവിളിക്കുന്നതാണ് പുതിയ ബില്‍.
യു.എസ് താത്പര്യത്തിനനുസരിച്ച് തയ്യാറാക്കിയ, ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത റിയാക്ടര്‍ സ്ഥാപിച്ചവര്‍ക്ക് പകരം നിലയം പ്രവര്‍ത്തിപ്പിക്കുന്നവരില്‍ നിഷിപ്തമാക്കണമെന്ന നിയമം കേന്ദ്രം അംഗീകരിച്ചിരുന്നു.
ആണവോര്‍ജ വകുപ്പിന്റെ ഉടമസ്ഥയിലുള്ള നിരവധി മേഖലകള്‍ ഈ ബില്ലിലൂടെ സ്വകാര്യവത്കരിക്കപ്പെടും. അറ്റോമിക് ധാതുക്കളുടെ പര്യവേഷണം, ഖനനം, ഇന്ധന നിര്‍മാണം തുടങ്ങിയ സര്‍ക്കാരിന്റെ കുത്തകയിലുള്ള എല്ലാ മേഖലകളും വിദേശ കമ്പനികള്‍ക്കടക്കം തീറെഴുതി കൊടുക്കുന്നതാണ് പുതിയ നീക്കം. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനികളുടെ താത്പര്യപത്രം കേന്ദ്രം ക്ഷണിക്കാന്‍ ആരംഭിച്ചു.
ഈ ബില്‍ സൂചിപ്പിക്കുന്നത് പ്രകാരം, മോഡുലാര്‍ റിയാക്ടറുകള്‍ നൂതന റിയാക്ടറുകള്‍, ആണവ നവീകരണം എന്നിവ ഇനി സ്വകാര്യ കമ്പനികളുടെ കീഴിലായിരിക്കും നടപ്പാക്കുക.
പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്ങും ശ്രീപദ് നായിക്കും ശാന്തി ബില്ലിനെ കുറിച്ച് ഇരുസഭകളിലും സൂചനകള്‍ നല്‍കിയിരുന്നു.
ആണവ നിലയം photo: pixabay by pixels/web.com
സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി 1962ലെ ആണവോര്‍ജ നിയമത്തിലും 2010ലെ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ടിലും ഭേദഗതി വരുത്തുമെന്ന് ശ്രീപദ് നായിക്ക് ഡിസംബര്‍ ഒന്നിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ശാന്തി ബില്‍ പുരോഗതിയിലാണെന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയെന്നും ജിതേന്ദ്ര സിങ് ഡിസംബര്‍ നാലിന് പാര്‍ലമെന്റിനെ അറിയിച്ചു.
നേരത്തെ, നവംബര്‍ അവസാനത്തോടെ ബഹിരാകാശ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിച്ചതിന് ശേഷം മറ്റൊരു പ്രധാനപ്പെട്ട മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌കൈറൂട്ടിന്റെ ഇന്‍ഫിനിറ്റി ക്യാമ്പസ് ഉദ്ഘാടനം ചെയ്തായിരുന്നു മോദിയുടെ പ്രഖ്യാപനം.
അപകടകരമാണ് ഈ നീക്കമെന്നും എതിര്‍ക്കുമെന്നും സി.പി.ഐ.എം പ്രതികരിച്ചു. ശാന്തി ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ആണവോര്‍ജം പോലെ തന്ത്രപരവും നിര്‍ണായകവുമായ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ കടന്നുവരുന്നത് വലിയ അപകടം ചെയ്യുമെന്ന് സി.പി.ഐ.എം മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് സ്വന്തംനിലയില്‍ നിരക്ക് ഈടാക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഒരു ദുരന്തമുണ്ടായാല്‍ ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തില്‍ വലിയ കുറവ് വരുത്തുന്നതാണ് ആണവനിയമത്തിലെ ഭേദഗതികള്‍. യു.എസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ഭേദഗതികള്‍ കൊണ്ടുവന്നത്.
ആണവ ദുരന്തങ്ങളുണ്ടായാല്‍ ബാധ്യതകളില്‍ നിന്ന് നിര്‍മാണ കമ്പനിയെ ഒഴിവാക്കുകയും ചെയ്യും. ഇതിലൂടെ ഇരട്ടനേട്ടമാണ് കമ്പനികള്‍ കൊയ്യുന്നതെന്നും ബി.ജെ.പിയുടെ കോര്‍പ്പറേറ്റ് അനുകൂല നിലപാടിന്റെ ഉദാഹരണമാണ് ഈ നിയമവും ഭേദഗതികളെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.
Content Highlight: Nuclear energy sector also up for sale; Center approves SHANTI Bill, which opens it up to foreign and private companies