ന്യൂദല്ഹി: ദല്ഹി പൊലീസിന്റെ മര്ദനത്തിനെതിരെ എഫ്.ഐ.ആര് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് എന്.എസ്.യു.ഐ പ്രവര്ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും പ്രതിഷേധം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസ് മര്ദനമേറ്റ മലയാളിയായ എന്.എസ്.യു.എ നേതാവ് ആതിര വിജയന് അടക്കമുള്ള വിദ്യാര്ത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധിച്ചത്. സി.പി.ഐ നേതാവ് ആനി രാജയും, കേരളത്തില് നിന്നുള്ള കോണ്ഗ്രസ് എം.പി ജെബി മേത്തറും അടക്കമുള്ള പ്രതിപക്ഷ പാര്ട്ടി നേതാക്കളും പ്രതിഷേധത്തില് പങ്കെടുത്തു.
പൊലീസ് മര്ദനത്തിനെതിരെ ആതിര വിജയനും എന്.എസ്.യു.ഐ ദേശീയ സെക്രട്ടറി ഋതു ബരാലയും നല്കിയ പരാതിയില് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ (ഒക്ടോബര് 15, വ്യാഴം) രാത്രി ആരംഭിച്ച പ്രതിഷേധം ഇന്ന് പുലര്ച്ചെ വരെ നീണ്ടു. പുലര്ച്ചെ അഞ്ച് മണിയോടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. ആനി രാജയും ജേബി മേത്തറും അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്.എസ്.യു.ഐ പ്രവര്ത്തകരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള് എന്.എസ്.യു.ഐ അവരുടെ സോഷ്യല് മീഡിയ ഹാന്ഡിലുകളില് പങ്കുവെച്ചിട്ടുണ്ട്. എന്.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ഝാക്കര് അടക്കമുള്ളവരെ പൊലീസ് വലിച്ചിഴക്കുന്നത് ഈ ദൃശ്യങ്ങളില് കാണാം.
പൊലീസ് അതിക്രമങ്ങള്ക്കെതിരെ എഫ്.ഐ.ആര് രേഖപ്പെടുത്തില്ലെന്നാണ് ദല്ഹി പൊലീസിന്റെ നിലപാടെന്ന് എന്.എസ്.യു.ഐ നേതാക്കള് പറഞ്ഞു. ആതിരയുടെ പരാതിയില് കേരളത്തില് സീറോ എഫ്.ഐ.ആര് ഫയല് ചെയ്തതിനാലാണ് തങ്ങള് എഫ്.ഐ.ആര് രേഖപ്പെടുത്താത്തതെന്ന്പറഞ്ഞാണ് ദല്ഹി പൊലീസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും നേതാക്കള് വ്യക്തമാക്കി. പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയുടെ പേരുപറഞ്ഞ് പൊലീസ് കബളിപ്പിക്കാന് ശ്രമിക്കുകയാണെന്നും അവര് പറഞ്ഞു.
താന് മലയാളിയായതുകൊണ്ടും കേരളത്തിലെ ആഭ്യന്തര മന്ത്രിക്ക് ബോധമുള്ളതുകൊണ്ടുമാണ് കേരളത്തില് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തതെന്ന് ആതിര പറഞ്ഞു. എന്നാല് തനിക്കൊപ്പം മര്ദ്ദനമേറ്റ ഋതു ബരാല രാജസ്ഥാന് സ്വദേശിയാണ്. അവര് എന്ത് ചെയ്യുമെന്ന് ആതിര ചോദിച്ചു.
ദല്ഹിയില് സമരത്തിനിടെ പൊലീസുകാര് മര്ദിക്കുകയും അപമാനിക്കുകയും ചെയ്തെന്ന ആതിര വിജയന്റെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇന്നലെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല് ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് കേരള പൊലീസ് സീറോ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തത്.
സംഭവം നടന്നത് ദല്ഹിയിലാണെങ്കിലും നിയമപ്രകാരം ലഭിച്ച പരാതിയില് ഇവിടെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യുകയും, തുടര്ന്ന് സംഭവം നടന്ന പരിധിയിലെ സ്റ്റേഷനിലേക്ക് കൈമാറുകയുമാണ് ചെയ്തതെന്ന് കേരള പൊലീസ് വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്ക്ക് കൈമാറുകയും, തുടര്ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര് ചെയ്യുകയുമായിരുന്നു.
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ബുധനാഴ്ച വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് ആതിരയും ഋതു ബരാലയും അടക്കമുള്ള എന്.എസ്.യു.ഐ നേതാക്കള് തങ്ങള്ക്ക് നേര്ക്കുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കേള്വി ശക്തിയെ ബാധിക്കുന്ന തരത്തിലടക്കം ക്രൂരമായ മര്ദനമാണ് തങ്ങള്ക്കെതിരെ ദല്ഹി പൊലീസ് നടത്തിയതെന്നും നേതാക്കള് അറിയിച്ചിരുന്നു.
സംഭവത്തില് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില് പരാതി നല്കിയിട്ടും അക്രമം കാട്ടിയ പൊലീസുകാര്ക്കെതിരെ കേസെടുക്കാന് ഇതുവരെ അവര് തയ്യാറായിട്ടില്ല. 24 മണിക്കൂറിനകം ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുത്തില്ലെങ്കില് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എന്.എസ്.യു.ഐ നേതാക്കള് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
പൊലീസ് അതിക്രമത്തില് കേസെടുക്കാന് വിസമ്മതിച്ച ദല്ഹി പൊലീസ് മര്ദനമേറ്റ ആതിരയും ഋതു ബരാലയും അടക്കമുള്ള വിദ്യാര്ത്ഥി നേതാക്കള്ക്കെതിരെ കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന് ശ്രമിച്ചെന്നും ആരോപിച്ചാണ് ആതിര വിജയന് ഉള്പ്പെടെയുള്ള എന്.എസ്.യു.ഐ നേതാക്കള്ക്കെതിരെ ദല്ഹി പൊലീസ് കേസെടുത്തത്.
Content Highlight: NSUI Protest Near Parliament Street Police Station. Demands to Register FIR on Delhi Police Violence Against protesters