| Sunday, 9th August 2026, 9:07 am

പുതിയ ചരിത്രമെഴുതി 35കാരന്‍; തമിഴ്‌നാട്ടില്‍ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ചെത്തി

സുദേവ് എ

2026 തമിഴ്‌നാട് പ്രിമീയര്‍ ലീഗില്‍ ചരിത്ര വിജയം സ്വന്തമാക്കി സീചെം മധുരൈ പാന്തേഴ്‌സ്. കോവൈ കിങ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് മധുരൈ പാന്തേഴ്‌സ് കരുത്തുകാട്ടിയത്. ഡിണ്ടിഗലിലെ എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോവൈ കിങ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന മധുരൈ ആറ് വിക്കറ്റുകളും മൂന്ന് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. ടി.എന്‍.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിങാണ് മധുരൈ തങ്ങളുടെ പേരിലാക്കി മാറ്റിയത്.

സെഞ്ച്വറി നേടി തിളങ്ങിയ എന്‍.എസ് ചതുര്‍വേദിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് പാന്തേഴ്‌സ് ചരിത്ര വിജയം സ്വന്തമാക്കിയത്. 47 പന്തുകളില്‍ നിന്നും 121 റണ്‍സ് അടിച്ചെടുത്താണ് ചതുര്‍വേദ് ചരിത്രം തിരുത്തിക്കുറിച്ചത്.

257.45 പ്രഹരശേഷിയില്‍ 15 ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയാണ് 35കാരന്‍ സ്വന്തമാക്കിയത്.

40 പന്തില്‍ നിന്നുമാണ് താരം മൂന്നക്കം കടന്നത്. 2017ല്‍ 46 പന്തുകളില്‍ നിന്നും സെഞ്ച്വറി നേടിയ രോഹിത് ആറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചതുര്‍വേദ് തകര്‍ത്തത്.

ചതുര്‍വേദിന് പുറമെ സിദാര്‍ഥ് മഹാദേവന്‍ 41 റണ്‍സും ക്യാപ്റ്റന്‍ ബി. അനിരുദ്ധ് സീതാ റാം 37 റണ്‍സും അതീഖ് ഉര്‍ റഹ്‌മാന്‍ 25 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കോവൈ കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തത് സച്ചിന്‍ ബി, ആന്ദ്രേ സിദ്ധാര്‍ത്ഥ് എന്നിവരാണ്. 42 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് സിദ്ധാര്‍ത്ഥ് നേടിയത്. എട്ട് ഫോറുകളും ആറ് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 43 പന്തില്‍ ഒമ്പത് ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 84 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്.

നിലവില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മധുരൈ പാന്തേഴ്‌സ്. മറുഭാത്ത് കോവൈ കിങ്സ് രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും തോല്‍വിയുമായി മൂന്നാം സ്ഥാനത്തുമാണ്.

Content Highlight: NS Chaturved create a new history in Tamil Nadu premiere league

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more