| Sunday, 11th October 2026, 9:28 pm

ബര്‍ത്ത്‌ഡേയായിട്ട് ആകെ കിട്ടിയത് രണ്ട് പോസ്റ്റര്‍ മാത്രം... ആരാധകരെ നിരാശപ്പെടുത്തി നിവിന്റെ പിറന്നാള്‍

അമര്‍നാഥ് എം.

മോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ മോളിവുഡിലെ തന്റെ സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് നിവിന്‍ പോളി. ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന നിവിന്‍ പരീക്ഷണ സിനിമകളിലേക്ക് ട്രാക്ക് മാറ്റിയപ്പോള്‍ തുടര്‍ പരാജയങ്ങളായിരുന്നു ഫലം. ഇപ്പോള്‍ തന്റെ സ്‌ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

ഇനിയങ്ങോട്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എന്റര്‍ടൈനിങ് സബ്ജക്ടുകള്‍ മാത്രമേ തെരഞ്ഞെടുക്കുള്ളൂ എന്ന് അടുത്തിടെ നിവിന്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ സൂചനയായി മികച്ച ലൈനപ്പാണ് താരത്തിന്റേതായി പുറത്തുവന്നത്. വരാനിരിക്കുന്ന പ്രൊജക്ടുകളുടെ അപ്‌ഡേറ്റുകള്‍ നിവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് വരുമെന്ന് ആരാധകര്‍ കരുതിയിരുന്നു.

എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ആകെ രണ്ട് അപ്‌ഡേറ്റ് മാത്രമാണ് പുറത്തുവന്നത്. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന NP 51ല്‍ നിവിന്റെ ഒരു പോസ്റ്ററും ബെന്‍സിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലവ് ആക്ഷന്‍ ഡ്രാമയുടെ അതേ രീതിയിലുള്ള ചിത്രമാകും NP 51 എന്ന് പോസ്റ്ററിന് പിന്നാലെ ആരാധകര്‍ അഭിപ്രായപ്പെടുന്നു.

നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നഡ താരം രുക്മിണി വസന്താണ് നായിക. വാഴ 2, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങളുടെ റൈറ്ററായ നാഷിദ് സംവിധായക കുപ്പായമണിയുന്ന ചിത്രം ഹിറ്റാകുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 2027 വിഷു റിലീസാണ് NP 51 ലക്ഷ്യം വെക്കുന്നത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവരുമെന്നായിരുന്നു സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബെന്‍സില്‍ നിവിന്റെ പഴയ ലുക്ക് തന്നെയാണ് ഇപ്പോഴത്തെ പോസ്റ്ററിലുമുള്ളത്. ആദ്യത്തെ ലുക്കില്‍ ചുവന്ന കോട്ടാണെങ്കില്‍ ഇത്തവണ നീല കോട്ടാണെന്ന് മാത്രമേ വ്യത്യാസമുള്ളൂവെന്ന് പലരും അഭിപ്രായപ്പെടുന്നു

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിക്കുന്ന വിജയത്തിന്റെ അപ്‌ഡേറ്റും തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റും ഇന്ന് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ലഭിക്കാത്തതിന്റെ നിരാശ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചു. ഇന്‍ഡസ്ട്രി ഹിറ്റടിച്ച് നില്‍ക്കുന്ന നായകന്റെ പിറന്നാള്‍ ഒട്ടും ചര്‍ച്ചയാകുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ബെതലഹേമിന് ശേഷം നിവിന്‍ നായകനായെത്തുന്ന NP 51 ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രൊജക്ടാണ്. ജഗദീഷ്, അജു വര്‍ഗീസ്, കലാരഞ്ജിനി, അശോകന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇലക്ട്രോണിക് കിളിയാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: NP 51 Nivin Pauly’s look out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more