ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘ബാലന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് തൃശൂരുകാരുടെ സ്വന്തം ഡോളിയമ്മൂമ്മ. ചിത്രത്തിലെ കരുത്തുറ്റ തന്റേടിയായ അമ്മൂമ്മ വേഷം കണ്ട് തിയേറ്ററില്‍ കൈയടിച്ച പ്രേക്ഷകരെ, ഇപ്പോള്‍ മറ്റൊരു ഓഫ്-സ്‌ക്രീന്‍ കൗണ്ടര്‍ കൊണ്ട് കയ്യടിപ്പിക്കുകയാണ് ഡോളിയമ്മൂമ്മ.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഡോളിയമ്മൂമ്മ നടത്തിയ ഒരു ഡിമാന്‍ഡും അതിന് പിന്നാലെ കാസ്റ്റിങ് ഡയറക്ടര്‍ ഗണപതി നല്‍കിയ റിയാക്ഷനുമാണ് ചിരി പടര്‍ത്തുന്നത്.
സിനിമ കഴിഞ്ഞ് വീല്‍ചെയറിലിരുന്ന് പുറത്തേക്ക് വരികയായിരുന്നു ഡോളിയമ്മൂമ്മ. വീല്‍ചെയര്‍ തള്ളിക്കൊണ്ട് നടന്‍ ഗണപതിയും കൂടെയുണ്ടായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഡോളിയമ്മൂമ്മ തന്റെ മനസ്സ് തുറന്നത് ‘ഇനി നേരെ ബാറില്‍ പോയി ഒരു സ്‌മോള്‍ അടിക്കണം!’
അമ്മൂമ്മയുടെ ഈ തഗ്ഗ് കേട്ട് ഗണപതി ആദ്യം ഒന്ന് ഞെട്ടി. പിന്നാലെ ‘ചുമ്മാതിരി അമ്മൂമ്മേ… നേരെ വീട്ടില്‍ കൊണ്ടാക്കാം’ എന്ന് പറയുന്നതുമാണ് വീഡിയോ. ഡോളിയമ്മൂമ്മയുടെ തമാശ കലര്‍ന്ന ഈ വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും തരംഗമായിക്കഴിഞ്ഞു.
ബാലന്‍ സിനിമയില്‍ നിന്നുള്ള രംഗം
തൃശൂര്‍ കൈപ്പറമ്പ് സ്വദേശിനിയായ 76-കാരി ഡോളി ജൂണ്‍ ഇന്‍സ്റ്റഗ്രാമിലെ റീലുകളിലൂടെയാണ് മലയാളികള്‍ക്ക് പരിചിതയാകുന്നത്. കൊച്ചുമകനൊപ്പം ചേര്‍ന്ന് ചെയ്ത വൈറല്‍ വീഡിയോകള്‍ കണ്ടാണ് കാസ്റ്റിങ് ഡയറക്ടര്‍ ഗണപതി ഡോളിയമ്മൂമ്മയെ ബാലനിലേക്ക് ക്ഷണിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ തഗ്ഗുകള്‍ വെള്ളിത്തിരയിലും തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മൂമ്മ ഇതിനോടകം തന്നെ മലയാളികളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.
സിനിമയുടെ വിജയത്തിലും തന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയിലും ഏറെ സന്തോഷത്തിലാണ് ഡോളിയമ്മൂമ്മ. സിനിമയിലെ തന്റെ അടുത്ത ആഗ്രഹത്തെ കുറിച്ചും ഡോളിയമ്മൂമ്മ മനസ്സ് തുറന്നു.
ഡോളി ജൂണ്‍ Photo: Manorama News
‘എന്റെ സമയം ഒക്കെ കഴിഞ്ഞു എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഇങ്ങനെ ഒരു സിനിമ വരുന്നത്. അത് ചെയ്തു, വലിയ ഹാപ്പിയായി. സിനിമ നന്നായെന്നും എന്റെ വേഷം വിജയിച്ചെന്നും ജനങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം. ഇനി സിനിമയില്‍ ഒരൊറ്റ സ്വപ്നമേയുള്ളൂ.
പറയുന്നത് ഇത്തിരി അധികമാണെന്ന് അറിയാം, എന്നാലും പറയാം… പൊലീസ് വന്ന് പിടിച്ചോണ്ടൊന്നും പോകില്ലല്ലോ! എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാനാണ്.’ ഡോളി ജൂണ്‍ പറഞ്ഞു.
തന്റെ 76-ാം വയസ്സില്‍ ആദ്യമായി വെള്ളിത്തിരയിലെത്തി തകര്‍ത്തഭിനയിച്ച ഡോളിയമ്മൂമ്മയുടെ ഈ വലിയ ആഗ്രഹവും ഉടന്‍ തന്നെ സഫലമാകട്ടെയെന്നാണ് ആരാധകരും പറയുന്നത്.
Content Highlight: Now, straight to the bar for a small peg!” Dolly Ammoomma shocks everyone