| Sunday, 11th October 2026, 2:02 pm

'പാൽമണക്ക്ത്‌' പാടിയപ്പോൾ സെറ്റിൽ മുഴുവൻ ചിരിയായിരുന്നു, നിർത്താൻ പറഞ്ഞിട്ടും ഞാൻ നിർത്തിയില്ല’; മീനാക്ഷി രവീന്ദ്രൻ

അജ്മല്‍ കെ

തിയേറ്ററുകളിൽ ചരിത്രവിജയം നേടിയ നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇപ്പോൾ ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 330 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മീനാക്ഷി,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube

ഇപ്പോഴിതാ ഡ്രാമ പോലുള്ള വ്യത്യസ്ത കഥാപാത്രങ്ങളും പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് മീനാക്ഷി രവീന്ദ്രൻ. എന്നാൽ അത്തരം വേഷങ്ങൾ ലഭിക്കണമെങ്കിൽ സംവിധായകർ തന്നെ വിളിക്കണമെന്നും തനിക്ക് മാത്രം ആഗ്രഹം തോന്നിയതുകൊണ്ട് കാര്യമില്ലെന്നും മീനാക്ഷി പറയുന്നു. കോമഡി ചെയ്യുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യവും അഭിനയത്തിനിടെ തോന്നുന്ന ആശയങ്ങൾ പരീക്ഷിക്കുന്നതിനെക്കുറിച്ചും ‘പ്രേമലു’വിലെ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടും സംസാരിക്കുകയാണ് താരം.

‘എനിക്ക് ഡ്രാമ പോലെയുള്ള സിനിമകൾ ചെയ്യണമെന്നുണ്ട്. അത് എപ്പോഴാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഡയറക്ടേയ്സ് വിചാരിച്ച് വിളിക്കണ്ടേ, എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ. ഞാൻ ഇവിടെ ഒറ്റയ്ക്ക് ചിന്തിച്ചിട്ട് എന്താകാനാണ്,’ മീനാക്ഷി പറഞ്ഞു.

വണ്ടർലസ്റ്റ് പോലുള്ള പരിപാടികളിലും കോമഡി വേഷങ്ങളിലും തനിക്ക് കൂടുതൽ കംഫർട്ടബിളായി തോന്നാറുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. പ്രത്യേകിച്ച് സ്ലാപ്സ്റ്റിക് കോമഡി ചെയ്യുമ്പോൾ മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കൂടുതൽ സ്വാതന്ത്ര്യത്തോടെ അഭിനയിക്കാൻ കഴിയുമെന്നും താരം അഭിപ്രായപ്പെടുന്നു.

‘ഞാൻ പൊതുവേ കുറച്ച് ആനിമേറ്റഡ് ആയതുകൊണ്ട് കോമഡി ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമായിരുന്നു. പക്ഷേ ഡ്രാമ ചെയ്യുമ്പോൾ അത് എന്റെ കംഫർട്ട് സോണിന് പുറത്താണ്. അതും കുറച്ചുകൂടി പഠിക്കാനുണ്ടെന്ന് തോന്നിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യാനും എനിക്ക് ഇഷ്ടമാണ്,’ മീനാക്ഷി വ്യക്തമാക്കി.

‘പ്രേമലു’വിന്റെ ഇടയിലുണ്ടായ രസകരമായ അനുഭവവും മീനാക്ഷി പങ്കുവെച്ചു. അഭിനയിക്കുന്നതിനിടെ സ്വാഭാവികമായി തോന്നുന്ന ആശയങ്ങൾ പരീക്ഷിക്കാറുണ്ടെന്നും അത് കഥാപാത്രത്തിന് അനുയോജ്യമാണെങ്കിൽ സംവിധായകർ അംഗീകരിക്കാറുണ്ടെന്നും മീനാക്ഷി പറയുന്നു. എന്നാൽ ഇത്തരം പരീക്ഷണങ്ങൾക്ക് സംവിധായകന്റെ നിർദേശവും സിനിമയുടെ സാഹചര്യവും പ്രധാനമാണെന്നും താരം വ്യക്തമാക്കുന്നു.

‘ഞാൻ ആ സമയത്ത് എങ്ങനെ റിയാക്ട് ചെയ്യാം, ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ വരും. അപ്പോൾ എന്തെങ്കിലും തോന്നിയാൽ അത് ചെയ്യും. അത് നല്ലതാണെങ്കിൽ സംവിധായകർ ചെയ്യാൻ പറയും. കൂടുതലായിപ്പോയാൽ വേണ്ടെന്നും പറയും,’ മീനാക്ഷി പറഞ്ഞു.

‘പ്രേമലു’വിലെ പാട്ടിനിടെ ഇത്തരത്തിൽ തോന്നിയ ഒരു ആശയമാണ് സെറ്റിൽ ചിരിയും കൈയടിയും നേടിയത്. പാട്ട് അവസാനിച്ചശേഷം ‘പാൽമണക്ക്ത്‌’ എന്ന ഭാഗം കുറച്ചുകൂടി പാടി നിർത്താനായിരുന്നു സംവിധായകൻ ഗിരീഷ് എ.ഡി. തന്നോട് പറഞ്ഞിരുന്നതെന്ന് മീനാക്ഷി പറഞ്ഞു. എന്നാൽ പാടിത്തുടങ്ങിയപ്പോൾ എവിടെ നിർത്തണമെന്ന് അറിയാതെ വന്നതോടെ പാട്ടിനിടയിൽ ഓപ്പറ സംഗീതത്തിന് സമാനമായൊരു ശൈലി പരീക്ഷിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

മീനാക്ഷി,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube

‘ഗിരീഷേട്ടൻ ‘പാൽമണക്ക്ത്‌’ കുറച്ചുകൂടി പാടി നിർത്തണം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ പാടിത്തുടങ്ങിയപ്പോൾ എവിടെ നിർത്തണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോൾ എന്തോ തോന്നി പാട്ടിനിടയിൽ ഓപ്പറ മ്യൂസിക് പോലൊരു സാധനം ഇട്ടു. ഗിരീഷേട്ടൻ കട്ട് പറഞ്ഞെങ്കിലും ഞാൻ ഒരു ‘പാൽമണക്ക്ത്‌’ കൂടി പാടി, ‘ഡിങ്’ എന്ന് പറഞ്ഞാണ് നിർത്തിയത്. അപ്പോൾ സെറ്റിലുള്ള എല്ലാവരും കൈയടിച്ച് ചിരിച്ചു. എനിക്ക് സന്തോഷമായി,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi Raveendran has openly expressed her desire to experiment with diverse roles, such as those in dramas.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more