| Sunday, 15th November 2026, 11:13 am

‘ബിലാലിന്റെ കഥ എനിക്കറിയാം, സ്റ്റോറിയുടെ ചില ഐഡിയകളൊക്കെ അമൽ എനിക്ക് തരാറുണ്ട്; ജ്യോതിർമയി

അജ്മല്‍ കെ

2001ൽ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിർമയി. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശവും ജ്യോതിർമയി സ്വന്തമാക്കി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിർമയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ‘ബോഗയ്ൻവില്ല’യിലെ തന്റെ എല്ലാ ഷോട്ടുകളും പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് നടി ജ്യോതിർമയി. പ്രത്യേകിച്ച് ചിത്രത്തിലെ പാട്ടിനോടും അവസാന ഭാഗത്ത് ജയിലിലേക്ക് നടന്നുവരുന്ന രംഗത്തോടും പ്രത്യേക ഇഷ്ടമുണ്ടെന്നും താരം പറയുന്നു. ആ പാട്ട് ഇത്രത്തോളം പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് താൻ പോലും കരുതിയിരുന്നില്ലെന്നും ജ്യോതിർമയി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ബാച്ച്‌ലർ പാർട്ടി ഡ്യൂവിന്റെ പ്രൊമോഷന്റെ ഭാഗമായി എൻ.എം ഷോബിസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ജ്യോതിർമയി. Photo. Screen Grab/ Youtube

‘ബോഗയ്ൻവില്ലയിൽ എന്റെ എല്ലാ ഷോട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ആ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ആ പാട്ടിന് ഇത്രത്തോളം ഇംപാക്ട് ഉണ്ടാകുമെന്ന്, അല്ലെങ്കിൽ എനിക്ക് അത്രത്തോളം കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ പാട്ട് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.

അതുപോലെ അവസാനഭാഗത്ത് ജയിലിലേക്ക് നടന്നുവരുന്ന രംഗവും എനിക്ക് ഗൂസ്‌ബംപ്‌സ് ഉണ്ടാക്കിയ മൊമന്റാണ്. ഞാനൊരു ആക്ടറാണെങ്കിലും സിനിമ കണ്ട എന്റെ സുഹൃത്തുക്കളും ആ രംഗം കണ്ട് ഗൂസ്‌ബംപ്‌സ് ഉണ്ടായെന്ന് പറഞ്ഞു. കാണികൾക്കും ആ രംഗവുമായി കണക്ട് ചെയ്യാൻ കഴിയുന്നുണ്ടാകാം’, ജ്യോതിർമയി പറഞ്ഞു.

‘ബോഗയ്ൻവില്ല’യ്ക്ക് ശേഷം ചില സിനിമകളിൽ അവസരം ലഭിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അവ ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. ലൊക്കേഷൻ ദൂരെയായതും കൂടുതൽ ദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നതുമായിരുന്നു പ്രധാന കാരണങ്ങൾ. ഇപ്പോൾ മകന്റെ ഷെഡ്യൂൾ അനുസരിച്ചാണ് തന്റെ ജോലികളും ക്രമീകരിക്കുന്നതെന്നും ജ്യോതിർമയി വ്യക്തമാക്കി.

‘ബോഗയ്ൻവില്ലയ്ക്ക് ശേഷം കുറച്ച് ഓഫറുകൾ വന്നിരുന്നു. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ചെയ്യാൻ പറ്റിയില്ല. ലൊക്കേഷൻ വേറെ സ്ഥലത്തായിരിക്കും, ഒരുപാട് ദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരും. ഇപ്പോൾ എന്റെ മകന്റെ ഷെഡ്യൂൾ അനുസരിച്ചാണ് എന്റെ ഷെഡ്യൂളും. കുറെ ദിവസം മാറിനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ആ സിനിമകളൊന്നും ചെയ്യാൻ സാധിക്കാതിരുന്നത്’, ജ്യോതിർമയി പറഞ്ഞു.

പങ്കാളിയും സംവിധായകനുമായ അമൽ നീരദിന്റെ സിനിമകളുടെ പ്രീ പ്രൊഡക്ഷൻ രീതികളെക്കുറിച്ചും ജ്യോതിർമയി സംസാരിച്ചു. കഥാപാത്രങ്ങളെയും അവ അവതരിപ്പിക്കേണ്ട അഭിനേതാക്കളെയും കുറിച്ചുള്ള ധാരണ അമലിന് നേരത്തെതന്നെ ഉണ്ടാകുമെന്നും ഓരോരുത്തരെയും പ്രത്യേകം കണ്ടാണ് കഥയും സിനിമയുടെ കാര്യങ്ങളും ചർച്ച ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.

‘അമലിന്റെ പ്രീ പ്രൊഡക്ഷൻ എന്ന് പറയുന്നത് കഥാപാത്രങ്ങൾ ആരൊക്കെയാണ്, എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ മനസിൽ ആദ്യമേ സെറ്റായിട്ടുണ്ടാകും. ആരെയൊക്കെയാണ് അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ആ ആർട്ടിസ്റ്റുകളോട് സംസാരിക്കും. എല്ലാവരെയും ഒരുമിച്ചല്ല കാണുന്നത്. പലരെയും പല സ്ഥലങ്ങളിൽ വെച്ചാണ് മീറ്റ് ചെയ്ത് കഥ പറയാറുള്ളത്.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

സ്റ്റോറിയുടെ ചില ഐഡിയകളൊക്കെ എനിക്ക് തരാറുണ്ട്. എന്നോടും പറയാറുണ്ട്. എല്ലാകാര്യങ്ങളും ഇരുന്ന് ചർച്ച ചെയ്യണമെന്നില്ല, ചില കാര്യങ്ങൾ പറയും. ‘ബിലാലി’ന്റെ കഥ എനിക്കറിയാം. എന്നോട് പറഞ്ഞിട്ടുണ്ട്’, ജ്യോതിർമയി പറഞ്ഞു.

Content Highlight:  actress Jyothirmayi has shared the highlights of the movie Bilal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more