ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രതിഷേധത്തിന് വേണ്ടി പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ച ഗ്രേറ്റര്‍ നോയിഡ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തു.
ബി.എന്‍.എസ്.എസ് സെക്ഷന്‍ 130 പ്രകാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അക്ഷത് ത്രിപാഠി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മറുപടി നല്‍കുകയായിരുന്നു സുപ്രീം കോടതി.
പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കെ മജിസ്‌ട്രേറ്റ് എങ്ങനെ നോട്ടീസ് നല്‍കിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തതായി എസ്.ജി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഗൗതം ബുദ്ധ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷത് ത്രിപാഠിക്കാണ് നോട്ടീസ് നല്‍കിയത്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ മറ്റ് വിദ്യാര്‍ത്ഥികളെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചെന്നായിരുന്നു ആരോപണം. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരെയും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
സെപ്റ്റംബര്‍ നാലിനാണ് നോട്ടീസ് പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെയായിരുന്നു നടപടി.
പ്രതിഷേധങ്ങളില്‍ സമാധാനപരമായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നോട്ടീസ് പിന്നീട് പിന്‍വലിച്ചെങ്കിലും നടപടി കോടതിയലക്ഷ്യമായി പരിഗണിക്കപ്പെടാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട നോട്ടീസ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ബന്ധപ്പെട്ട അധികാരികളോട് വിശദീകരണം തേടുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Notice issued to student following Supreme Court order; Greater Noida Magistrate suspended.