| Tuesday, 24th June 2025, 3:41 pm

വര്‍ഗീയ പരാമര്‍ശം; ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെയുള്ള ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ട എം.പിമാരുടെ എണ്ണത്തിൽ ആശയക്കുഴപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മുസ്‌ലിങ്ങൾക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ യാദവിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസിൽ ഒപ്പുവെച്ച എം.പിമാരുടെ എണ്ണത്തിൽ ആശയക്കുഴപ്പം. നിലവിൽ 50 എം.പിമാർ ഒപ്പുവെച്ചെന്നാണ് എം.പിമാർ പറയുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 44 എം.പിമാരുടെ ഒപ്പുകൾ മാത്രമായിരുന്നു സ്ഥിരീകരിച്ചതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 13 ന് 54 എം.പിമാർ യാദവിനെ ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നോട്ടീസ് സമർപ്പിച്ചു. വോട്ടെടുപ്പിൽ 50ലധികം എം.പിമാർ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു.

പക്ഷേ ഒരു എം.പിയായ സർഫറാസ് അഹമ്മദിന്റെ ഒപ്പ് രണ്ടുതവണ നോട്ടീസിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ വലിയ ആശയക്കുഴപ്പം ഉണ്ടായി. ഒപ്പുകളിലെ ക്രമക്കേടുകൾക്ക് പിന്നാലെ ഈ വർഷം മാർച്ച്, മെയ് മാസങ്ങളിൽ സെക്രട്ടേറിയറ്റ്, ഇമെയിലുകൾ വഴിയും ഫോൺ കോളുകൾ വഴിയും എം.പിമാരുടെ പ്രതികരണങ്ങൾ തേടിയിരുന്നു. അതിൽ 44 എംപിമാരുടെ ഒപ്പുകൾ മാത്രമായിരുന്നു സ്ഥിരീകരിച്ചത്. ഇനിയും ഒപ്പുകൾ സ്ഥിരീകരിക്കാനുണ്ട്.

ഇതുവരെ 29 എം.പിമാർ രാജ്യസഭാ ചെയർമാനെ നേരിട്ട് കണ്ട് ഒപ്പുകൾ പരിശോധിച്ചു. കൂടാതെ 14 പേർ ഫോണിലൂടെയും ഒപ്പുകൾ പരിശോധിച്ചു.

1968 ലെ ജഡ്ജിസ് (ഇൻക്വയറി) ആക്ട് പ്രകാരം, ഒരു ജഡ്ജിയുടെ ഇംപീച്ച്‌മെന്റിനായി ഒരു പ്രമേയം അവതരിപ്പിക്കാൻ കുറഞ്ഞത് 50 രാജ്യസഭ എം.പിമാരോ 100 ലോക്‌സഭ എം.പിമാരോ ആവശ്യമാണ്.

1968 ലെ ജഡ്ജിസ് (ഇൻക്വയറി) ആക്ട് അത്തരമൊരു നോട്ടീസിൽ തീരുമാനമെടുക്കുന്നതിന് പ്രത്യേക സമയപരിധി നിർദേശിക്കാത്തതിനാൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എം.പിമാർ അയച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് ഇതുവരെ നിരസിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

കപിൽ സിബൽ, പി. ചിദംബരം, സുസ്മിത ദേവ്, സഞ്ജീവ് അറോറ, അജിത് കുമാർ ഭൂയാൻ, ജോസ് കെ. മാണി, ഫയാസ് അഹമ്മദ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജി.സി. ചന്ദ്രശേഖർ, രാഘവ് എലാംഗോ എന്നിവരാണ് ഒപ്പുകൾ സ്ഥിരീകരിക്കാൻ ബാക്കിയുള്ളത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ചോദിച്ചപ്പോൾ ചിലർ ഈ വിഷയവുമായി ബന്ധപ്പെട്ട് തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നോ ഇമെയിലിനെക്കുറിച്ച് അറിയില്ലെന്നോ പറഞ്ഞു. മറ്റു ചിലർ ഉടൻ തന്നെ പരിശോധിക്കുമെന്ന് ഉറപ്പുനൽകി.

ദി ഇന്ത്യൻ എക്സ്പ്രസ് കപിൽ സിബലുമായി ബന്ധപ്പെട്ടപ്പോൾ, ചെയർമാനെ പലതവണ കണ്ടിട്ടുണ്ടെന്നും ഒപ്പിനെക്കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് ഇമെയിൽ ഐഡിയിലേക്കാണ് മെസേജ് അയച്ചതെന്ന് തനിക്കറിയില്ലെന്നും ഒപ്പുകളുള്ള നോട്ടീസ് സമർപ്പിച്ചത് താനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ എട്ടിന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ ലൈബ്രറിയിൽ നടന്ന വി.എച്ച്.പി പരിപാടിയിൽ വെച്ച് ജസ്റ്റിസ് യാദവ് മുസ്‌ലിം വിരുദ്ധ പരമാർശം നടത്തിയിരുന്നു. മുസ്‌ലിം കുട്ടികൾ ആദ്യകാലം മുതൽ തന്നെ അക്രമവും മൃഗങ്ങളെ കൊല്ലുന്നതും കണ്ട് വളരുന്നതിനാൽ അവരിൽ നിന്ന് സഹിഷ്ണുതയും ഉദാരതയും പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള (യു.സി.സി) ഒരു പ്രഭാഷണത്തിനിടെ, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ആളുകൾ അതായത് ഹിന്ദുക്കളുടെ ആഗ്രഹങ്ങൾക്കനുസൃതമായി മാത്രമേ പ്രവർത്തിക്കൂ എന്ന് ജസ്റ്റിസ് യാദവ് പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ പ്രസംഗം വലിയ പ്രതിഷേധത്തിന് കാരണമായി. പല സംഘടനകളും അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തുകൾ എഴുതിയിരുന്നു.

Content Highlight: Notice against Justice Shekhar Kumar Yadav pending, 50 MPs confirm signing

We use cookies to give you the best possible experience. Learn more