| Thursday, 2nd April 2026, 4:52 pm

ഒന്നും മാറിയിട്ടില്ല; ഐ.സി ശക്തരുടെ കയ്യിലെ ഉപകരണമായി മാറി; രജ്ഞിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഡബ്ല്യൂ.സി.സി

നിഷാന. വി.വി

തിരുവനന്തപുരം: സംവിധായകന്‍ രജ്ഞിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ണ്ഡ്യമറിയിച്ച് ഡബ്ല്യു.സി.സി.

ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറ്റവാളികള്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യം ലഭിക്കുന്നത് പരാജയപ്പെട്ട സംവിധാനങ്ങളില്‍ നിന്നാണെന്നും സംഘടന കുറ്റപ്പെടുത്തി.

സിനിമ സെറ്റുകളില്‍ ഐ.സി (ആഭ്യന്തര പരിഹാര സമിതി) ഉണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യമാണ് സംഘടന ചോദിക്കുന്നത്.

‘വാര്‍ത്തകള്‍ പ്രകാരം നടി ഐ.സിയെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? ഐ.സി അംഗങ്ങള്‍ സെറ്റില്‍ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റില്‍ യുവനടിക്കെതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങള്‍ എങ്ങനെ ഒരു ഐ.സിയെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്,’ ഡബ്ല്യൂ.സി.സി പറഞ്ഞു.

ഐ.സി ശക്തരുടെ കയ്യിലുള്ള മറ്റൊരു ഉപകരണമായി മാറുന്നുവെന്നതാണ് ഈ സംഭവത്തിലൂടെ നമ്മള്‍ കണ്ടതെന്നും സംഘടന കുറ്റപ്പെടുത്തി.

‘അനീതിയും പീഡനവും തടയാനുള്ള യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പോഷ് നടപ്പാക്കാതിരുന്നാല്‍ ശക്തരായവര്‍ നിയമത്തിന് മുകളിലാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത തൊഴില്‍ ഇടമായി സിനിമ രംഗം തുടരും.

ഈ സാഹചര്യത്തില്‍ ആരെയും കാത്തു നില്‍ക്കാതെ പൊലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബ്യൂണല്‍ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്,’ സംഘടന കുറിച്ചു.

അതിജീവിതര്‍ അര്‍ഹിക്കുന്നത് വിശ്വാസവും പിന്തുണയും നീതിയുക്തവുമായ ഒരു സംവിധാനമാണെന്നും ഡബ്ല്യൂ.സി.സി കൂട്ടിച്ചേര്‍ത്തു.

‘തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല,
സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തൊഴിലിടങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഡബ്ല്യൂ.സി.സി എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. എന്നും അവള്‍ക്കൊപ്പം,’ സംഘടന കുറിച്ചു.

Content Highlight: Nothing has changed; IC has become a tool in the hands of the powerful; WCC in the sexual assault case against Ranjith

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more