| Monday, 14th July 2025, 10:52 am

ബി.ജെ.പി പ്രവർത്തകരുടെ വ്യാജ പരാതി; പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് മെമ്പറായ അരുൺ (42 ) അമ്മ വത്സല (71 ) എന്നിവരെയാണ് വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബി.ജെ.പി പ്രവർത്തകരുടെ വ്യാജ പരാതിക്ക് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുണ്ട്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

മരണപ്പെടുന്നതിന് മുമ്പ് അരുൺ പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിനും വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ. തങ്ങളുടെ മരണത്തിന് കാരണം നാല് പേരാണെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് വാട്സ്ആപ്പിൽ അയച്ച കുറിപ്പിൽ പറയുന്നത്.

പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇത് കള്ള കേസ് ആണെന്ന് കുറിപ്പിൽ പറയുന്നുണ്ട്. വിനോദ്, സന്തോഷ് എന്നിവരാണ് കഴിഞ്ഞവർഷം അരുണിനെതിരെ ജാതിക്കേസ് കൊടുത്തത്. അരുണിനെതിരെ കേസ് കൊടുത്തവർ ബി.ജെ.പി പ്രവർത്തകരാണ്.

പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഭാര്യയും അമ്മയും മകനും താൻ ഇല്ലാതെ ജീവിക്കില്ല. മാനസിക വിഷമം വല്ലാതെ ഉലക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Note against BJP workers; Vakkom panchayat member and mother found dead

We use cookies to give you the best possible experience. Learn more