ആലപ്പുഴ: സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ആരോപണങ്ങളിലും സർക്കാരിനെതിരെയും ബി.ജെ.പിക്കുമെതിരെയും രൂക്ഷവിമർശനവുമായി പിണറായി വിജയൻ.
‘നിന്നെയല്ല നിന്റെ അച്ഛനെയാണ് നോക്കുന്നത്’ എന്ന നിലപാടിലാണ് അന്വേഷണ ഏജൻസികളുടെയും എതിരാളികളുടെയും നീക്കങ്ങളെന്നും, ഇതൊക്കെ ആദ്യമായി കാണുകയല്ലെന്നും താനിതൊക്കെ എത്ര കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിൽ സി.പി.ഐ.എം വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവിധ കോടതികൾ മുതൽ സുപ്രീം കോടതി വരെ പരിശോധിച്ചു തള്ളിയ കേസാണിതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫിനെയും സി.പി.ഐ.എമ്മിനെയും ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്നും അവർക്കൊപ്പം യു.ഡി.എഫും ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എക്സാലോജിക്കും സി.എം.ആർ.എല്ലും രണ്ട് സ്വതന്ത്ര കമ്പനികളാണ്. ഒരു കമ്പനി മറ്റൊന്നിന് സേവനം നൽകുമ്പോൾ പ്രതിഫലം കൈപ്പറ്റുന്നത് സ്വാഭാവികമാണ്. സ്വീകരിച്ച പണം എവിടെയും കാണാനില്ലെന്ന് പറഞ്ഞാൽ മാത്രമേ അതൊരു കുറ്റമാകൂ. എന്നാൽ ഇവിടെ എല്ലാം കൃത്യമായി കണക്കിൽ പെടുത്തിയിട്ടുണ്ട്. കമ്പനി നടത്തുന്നത് ആരുടെയെങ്കിലും മകനോ മകളോ ആകുമ്പോൾ, മകൾ വഴി തന്നെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ആകെ ദുർബലപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്’. അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എം.എൽ.എയുടെ പരാതിയെ മുൻനിർത്തി നടക്കുന്ന ഈ കടന്നാക്രമണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത രാജ്യം കണ്ടിട്ടില്ലാത്ത വിധം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ കോടിക്കണക്കിന് വോട്ടർമാരുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. ഭൂരിപക്ഷ തീരുമാനങ്ങൾക്ക് വിരുദ്ധമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണ്. ദൽഹിയിൽ ഇടതുപക്ഷ എം.പിമാരായ എ.എ. റഹീമിനെയും വി. ശിവദാസനെയും ഉൾപ്പെടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം അമിതാധികാര പ്രവണതകൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും പിണറായി വ്യക്തമാക്കി.
Content Highlight:“Not You, I’m Looking at Your Father; He’s Seen Plenty of This”: Pinarayi Takes a Dig at the Exalogic Controversy.