ന്യൂദല്‍ഹി: എസ്.ഐ.ആറിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് സേവ് ഡെമോക്രസി മാര്‍ച്ചുകള്‍ നടത്താനുള്ള ഇന്ത്യാ ബ്ലോക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ഇന്ത്യ മുന്നണി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് ‘സേവ് ഡെമോക്രസി’ മാര്‍ച്ചല്ലെന്നും ‘സേവ് ഡൈനാസ്റ്റി’ മാര്‍ച്ചാണെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് മുന്‍കൂട്ടി കാരണം കണ്ടെത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം വാദിച്ചു.
‘ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ല. എന്നിട്ടും വീണ്ടും വീണ്ടും അദ്ദേഹത്തെ നേതാവായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്,’ ചൗഹാന്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന് മാത്രമല്ല കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജനാധിപത്യം സിന്ദാബാദ്. തോറ്റാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുര്‍ദാബാദ് എന്നും വിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നയം,’ ചൗഹാന്‍ ആരോപിച്ചു.
Content Highlight: Not to protect democracy, but to sustain dynastic rule: BJP targets Rahul Gandhi and the INDIA alliance.