| Wednesday, 12th December 2012, 11:54 am

രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ പാടില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. []

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജനുവരി 4 ന് കേസ് വീണ്ടും പരിഗണിക്കും.

സ്‌റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തീര്‍ക്കാന്‍ രണ്ട് വര്‍ഷത്തേയ്ക്ക് നിരോധനം ഒഴിവാക്കാമെന്നാണ് ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് ഏറെ ചെലവ് വരുമെന്നും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു.

കാലാവധി കഴിയുന്നതോടെ എന്‍ഡോസള്‍ഫാന്‍ കൂടുതല്‍ ഹാനികരമാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു.

കേരളം, കര്‍ണാടകം എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നും ഉല്‍പാദകര്‍ വാദിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധനം ഒറ്റയടിക്ക് സാധ്യമല്ലെന്ന് ഉല്‍പാദകരുടെ അഭിഭാഷകന്‍ വാദിച്ചു. സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്‍ പോലും 5 വര്‍ഷത്തെ സാവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് ബാക്കിനില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി നിര്‍ദേശമുണ്ടായിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മാര്‍ജനം ചെയ്യാമെന്നും അതുവരെ ഉപയോഗം തുടരാമെന്നുമാണ് അന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയത്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാനും കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നശിപ്പിക്കാമെന്നും ഇതിന്റെ ചിലവ് എത്രയാകുമെന്ന്  പരിശോധിക്കാനും സമിതി നിര്‍ദേശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more