| Monday, 22nd January 2018, 2:54 pm

'പത്മാവത് അല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ ഭ്രൂണഹത്യയും ലൈംഗിക അതിക്രമവുമാണ്'; പത്മാവത് വിവാദത്തില്‍ പ്രതിഷേധവുമായി നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പത്മാവത് വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മവതിന്റെ റിലീസ് തടയണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്. എന്നാല്‍ സിനിമയല്ല നിരോധിക്കേണ്ടതെന്നും പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് എന്നായിരുന്നു രേണുകയുടെ പ്രതികരണം.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പത്മാവതി റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണി സേന പ്രവര്‍ത്തകരുടെ ചിത്രവും പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തത്. പീഡനം നിരോധിക്കുക, പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക, ലൈംഗിക അതിക്രമം നിരോധിക്കുക എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

ദീപികയ്ക്ക് പുറമെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം രജ്പുത് റാണിയായ പത്മാവതിയെ അപമാനിക്കുന്നതാണെന്നായിരുന്നു കര്‍ണി സേനയുടെ ആരോപണം. വിവാദത്തിന് പിന്നാലെ ചിത്രത്തില്‍ മാറങ്ങള്‍ വരുത്തിയും പേര് മാറ്റിയുമാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നും കര്‍ണിസേന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more