| Sunday, 30th December 2018, 10:43 am

യു.പിയില്‍ പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് ബി.ജെ.പിക്കാര്‍; തങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് നിഷാദ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വിരല്‍ ചൂണ്ടി നിഷാദ് പാര്‍ട്ടി.

സംഭവസമയത്ത് നടന്ന കല്ലേറില്‍ നിഷാദ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും ബി.ജെ.പി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ അക്രമം തങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും നിഷാദ് പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് നിഷാദ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

“”സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയാണ്. അവര്‍ തങ്ങള്‍ക്കെതിരെ കളിക്കുകയാണ്. കല്ലെറിഞ്ഞത് ഞങ്ങളല്ല. ബി.ജെ.പിക്കാരാണ്. എന്നിട്ട് അത് തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്.

സംവരണമെന്ന ആവശ്യമുയര്‍ത്തി തങ്ങള്‍ നടത്തിയ പ്രതിഷേധം ജനാധിപത്യമായ രീതിയില്‍ തന്നെയായിരുന്നു. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരെങ്കിലും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ നിഷാദ് പാര്‍ട്ടിക്ക് പങ്കില്ല. അത് ബി.ജെ.പിയുടെ പ്ലാന്‍ ആയിരുന്നു. യോഗി ജിയും മോദി ജിയും അധികാരത്തിലിരിക്കുമ്പോള്‍ അതിന് എളുപ്പമാണ്. “”-സഞ്ജയ് പറഞ്ഞു.


“നെഹ്‌റു ജാക്കറ്റ്” ഇട്ടത് കൊണ്ട് നെഹ്‌റു ആവാന്‍ സാധിക്കില്ല; മോദിക്കെതിരെ വിമര്‍ശനവുമായി അഹമ്മദ് പട്ടേല്‍


എന്നാല്‍ കല്ലേറ് നടത്തിയത് നിഷാദ് വിഭാഗക്കാരാണെന്ന് പൊലീസ് സൂപ്രണ്ട് യഷ്‌വീര്‍ സിങ് പറഞ്ഞത്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത 32 ആളുകളുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഗാസിപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി കഴിഞ്ഞതിന് പിന്നാലെയായിരുന്നു അക്രമ സംഭവം. നിഷാദ് സമുദായക്കാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു അക്രമമുണ്ടായത്.

റാലിയില്‍ സുരക്ഷാ ചുമതല നിര്‍വ്വഹിച്ച ശേഷം നോഹാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന സുരേഷ് വല്‍സ് പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിഞ്ഞത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

നിലവില്‍ ഒ.ബി.സി വിഭാഗക്കാരായ തങ്ങളെ എസ്.സി വിഭാഗത്തിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിഷാദ് വിഭാഗക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

നേരത്തെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇവരെ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി നിഷാദ് വിഭാഗക്കാര്‍ രംഗത്തെത്തിയത്.

ഡിസംബര്‍ മൂന്നിന് ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടിരുന്നു.

പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ബുലന്ദ്ശഹറില്‍ സംഘപരിവാറുകാരായിരുന്നു കലാപം അഴിച്ചുവിട്ടത്.
ആക്രമണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

2014 ല്‍ ദാദ്രിയില്‍ അഖ്ലാഖ് ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more