| Monday, 22nd December 2025, 8:57 pm

സഞ്ജുവും രോഹിത്തും ഗില്ലും മാത്രമല്ല; വിജയ് ഹസാരെയില്‍ തിളങ്ങാന്‍ ഒരുപിടി സൂപ്പര്‍ താരങ്ങളും

ഫസീഹ പി.സി.

ഇന്ത്യയുടെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെയ്ക്ക് ഇനി ദിവസത്തിന്റെ ദൂരം മാത്രമാണുള്ളത്. മികച്ച പ്രകടനങ്ങളും കിരീടവും ലക്ഷ്യമിട്ട് താരങ്ങള്‍ കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധിക്കപ്പെടുകയാണ് ഈ ടൂര്‍ണമെന്റ്. മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സൂപ്പര്‍ താരം രോഹിത് ശര്‍മ എന്നിവരെല്ലാം ഈ ടൂര്‍ണമെന്റിലെ തങ്ങളുടെ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍, ഇവര്‍ മാത്രമല്ല വിജയ് ഹസാരെയില്‍ മാറ്റുരക്കാന്‍ എത്തുന്നത്. ഇന്ത്യയുടെ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ, സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരും കളത്തില്‍ ഇറങ്ങുന്നുണ്ട്.

സഞ്ജു സാംസണ്‍.Photo: BCCI/x.com

നേരത്തെ, കേരളത്തിന്റെ സ്‌ക്വാഡ് പുറത്ത് വന്നപ്പോള്‍ സഞ്ജു ഇടം പിടിച്ചിരുന്നു. താരം ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളില്‍ കേരളത്തിന് ഒപ്പമുണ്ടാകും. എന്നാല്‍, ഗില്ലടക്കമുള്ള താരങ്ങള്‍ കുറച്ച് മത്സരങ്ങളിലാവും ഇറങ്ങുകയെന്നാണ് വിവരം. പഞ്ചാബിനായി ഇറങ്ങുന്ന ഗില്‍ രണ്ടോ മൂന്നോ മത്സരങ്ങളിലാവും കളിക്കുക.

ടൂര്‍ണമെന്റിനുള്ള പഞ്ചാബ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അഭിഷേകും അര്‍ഷ്ദീപും ഇടം പിടിച്ചിട്ടുണ്ട്. അഭിഷേക് കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുമെങ്കിലും അര്‍ഷ്ദീപ് കുറച്ച് രണ്ട് മത്സരങ്ങളില്‍ മാത്രം കളിക്കാനാണ് സാധ്യത.

രോഹിത് ശർമയും ശുഭ്മൻ ഗില്ലും. Photo: Johns/x.com

അതുപോലെ മുംബൈക്കായി ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ ഇറങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താരം കുറച്ച് മത്സരങ്ങള്‍ മാത്രമേ കളിക്കുകയുള്ളുവെങ്കിലും ഏതെല്ലാം മത്സരങ്ങളില്‍ ഇറങ്ങുമെന്ന വിവരം ലഭ്യമല്ല. മുംബൈയില്‍ രോഹിത്തിന് ഒപ്പം സൂര്യയും ശിവം ദുബെയും രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ എത്തും.

ജനുവരി ആറ്, എട്ട് ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത മുംബൈയുടെ മത്സരങ്ങളിലാവും സൂര്യയും ദുബെയും ഇറങ്ങുക എന്നാണ് വിവരം. ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവരാണ് ഈ മത്സരങ്ങളില്‍ മുംബൈയുടെ എതിരാളികള്‍.

ഇഷാൻ കിഷൻ. Photo; SecularKeSutradhaar/x.com

ഇവരോടൊപ്പം തന്നെ വിജയ് ഹസാരെയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. താരം ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായാണ് ടൂര്‍ണമെന്റിന് എത്തുന്നത്.

വിജയ് ഹസാരെയില്‍ പതിവിന് വിപരീതമായി സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം തന്നെയാവും ഇവരുടെ ലക്ഷ്യമെന്ന് ഉറപ്പാണ്. നേരത്തെ, ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും താരങ്ങളോട് നിര്‍ദേശിച്ചിരുന്നുവെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്ത് വെക്കണം.

Content Highlight: Not just Sanju Samson, Rohit Sharma and Shubhman Gill; a handful of superstars to shine in Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more