| Tuesday, 8th July 2025, 7:02 am

സ്‌കോളർഷിപ്പ് വിവാദം; വ്യക്തമാകുന്നത് അനീതി മാത്രമല്ല, ബഹുജൻ വിദ്യാഭ്യാസത്തോടുള്ള ബി.ജെ.പിയുടെ എതിർപ്പുമെന്ന് രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എസ്.സി-എസ്.ടി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച കേന്ദ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിതർക്കും പിന്നോക്കവിഭാഗക്കാർക്കും ആദിവാസികൾക്കും വിദ്യഭ്യാസം നേടുക എന്ന മൗലീകാവകാശമാണ് ബി.ജെ.പി ഇല്ലാതാക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

2025 – 26 വര്‍ഷത്തെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (NOC) അര്‍ഹരായ 108 പേരില്‍ കേന്ദ്ര സാമൂഹിക നീതി വകുപ്പ് തെരഞ്ഞെടുത്തത് ആകെ 40 പേരെ മാത്രമെന്ന വാർത്ത ഇന്നലെയായിരുന്നു പുറത്ത് വന്നത്. സ്‌കോളർഷിപ്പിന് അർഹരായവരിൽ പകുതി പേര്‍ക്ക് പോലും സ്‌കോളര്‍ഷിപ് തുക ലഭിച്ചിട്ടില്ല. പണം ലഭിച്ചാല്‍ പരിഗണിച്ചേക്കാമെന്നാണ് ബാക്കി 66 പേര്‍ക്കും ലഭിച്ചിരിക്കുന്ന മറുപടിയെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽഗാന്ധി എത്തിയത്. ‘ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെ കുട്ടികൾക്ക് എവിടെയും പഠിക്കാൻ തടസങ്ങളൊന്നുമില്ല. എന്നാൽ ഒരു പിന്നോക്ക വിഭാഗത്തിപ്പെട്ട വിദ്യാർത്ഥി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന നിമിഷം, മുഴുവൻ സംവിധാനവും തടസങ്ങൾ സൃഷ്ടിക്കാൻ തുടങ്ങും. ഒരു ദളിത്, പിന്നോക്ക, ആദിവാസി വിദ്യാർത്ഥി പഠിക്കാൻ ആഗ്രഹിക്കുമ്പോൾ, നരേന്ദ്ര മോദി സർക്കാരിന് പെട്ടെന്ന് അവരുടെ ബജറ്റ് ഓർമ വരുന്നു. നാഷണൽ ഓവർസീസ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട 106 വിദ്യാർത്ഥികളിൽ, 66 പിന്നോക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് നിഷേധിക്കപ്പെട്ടു. സർക്കാരിന് ‘ഫണ്ട് ഇല്ല’ എന്നതാണ് കാരണമത്രേ

എന്നാൽ മോദിജിയുടെ വിദേശ യാത്രകൾക്കും, പ്രചാരണങ്ങൾക്കും, ആഘോഷങ്ങൾക്കും വേണ്ടി ആയിരക്കണക്കിന് കോടി രൂപയാണ് ഒരു മടിയും കൂടാതെ ചെലവഴിക്കുന്നത്.

സർക്കാർ സ്കൂളുകളുടെ എണ്ണം കുറയ്ക്കുക, അവസരങ്ങൾ നൽകാൻ പണമില്ലെന്ന് പറയുക, അവസരങ്ങൾ ലഭിക്കാൻ യോഗ്യരല്ലെന്ന് വിദ്യാർത്ഥികളെ മുദ്രകുത്തുക, അല്ലെങ്കിൽ വിദ്യാർഥികൾ കഠിനാധ്വാനം ചെയ്ത് നേടിയ സ്കോളർഷിപ്പുകൾ തട്ടിയെടുക്കുക എന്നിവ അനീതി മാത്രമല്ല, ബഹുജൻ വിദ്യാഭ്യാസത്തോടുള്ള ബി.ജെ.പിയുടെ തുറന്ന എതിർപ്പാണ്,’ രാഹുൽ ഗാന്ധി വിമർശിച്ചു.

ഇതേ മനുവാദി ചിന്താഗതിയാണ് ഏകലവ്യന്റെ തള്ളവിരൽ ഒരിക്കൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാർ ഈ മനുഷ്യത്വരഹിതമായ തീരുമാനം ഉടൻ പിൻവലിക്കുകയും ഈ 66 വിദ്യാർത്ഥികളെ വിദേശത്തേക്ക് അയയ്ക്കുകയും വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1954- 55 സാമ്പത്തിക വര്‍ഷമാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പ്രോഗാം ആരംഭിക്കുന്നത്. പട്ടികജാതി (എസ്.സി) വിഭാഗങ്ങള്‍, നാടോടി ഗോത്രങ്ങള്‍, അര്‍ധ നാടോടി ഗോത്രങ്ങള്‍, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത കരകൗശല വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിവര്‍ഷം എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കാണ് ഈ സഹായം ലഭിക്കുക.

സാധാരണയായി, തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താത്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം കത്തുകള്‍ അയച്ചിരിക്കുന്നത് ഫണ്ടുകളുടെ ലഭ്യതയെ ആശ്രയിച്ച് ഘട്ടം ഘട്ടമായിട്ടാണെന്നും ഇത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്തി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഇത് ബാധിച്ചെന്നും മൂന്ന് വര്‍ഷമായി സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറിലെ കേസ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Content Highlight: Not just injustice, it’s BJP’s oppn to Bahujan education: Rahul on scholarship denial report

We use cookies to give you the best possible experience. Learn more