| Monday, 6th April 2026, 8:26 am

പിന്നോട്ട് പോവുകയല്ല, തന്ത്രങ്ങൾ മാറ്റുകയാണ്; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തിരുമാവളവൻ

മുഹമ്മദ് നബീല്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് നേതാവും വിടുതലൈ ചിരുത്തൈകൾ കച്ചി (വി.സി.കെ) പ്രസിഡന്റുമായ തോൾ തിരുമാവളവൻ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി.

ഇതോടെ കാട്ടുമാന്നാർകോവിൽ മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

ഡി.എം.കെ നേതൃത്വം നൽകുന്ന എസ്.പി.എ സഖ്യത്തിലെ ഘടകകക്ഷിയാണ് വി.സി.കെ

നിലവിൽ പാർലമെന്റ് അംഗം കൂടിയായ തിരുമാവളവൻ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.

പാർലമെന്റിൽ ദളിത് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് മതിയായ അവസരം ലഭിക്കില്ലെന്നായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലേക് അദ്ദേഹം ചുവടുമാറ്റുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

കാട്ടുമാന്നാർകോവിൽ മണ്ഡലത്തിലെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ദളിത് നേതാവ് എൽ. ഇളയപെരുമാളിന്റെ മകൻ ഐ. ജ്യോതിമണിയെ തിരുമാവളവൻ രംഗത്തിറക്കിയിരിക്കുകയാണ്.

1970 ൽ പട്ടികജാതിക്കാരുടെ അയിത്തം നിർമാർജനം ചെയ്യുന്നതിനും സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടിയുള്ള സമിതിയുടെ അധ്യക്ഷനായിരുന്ന കോൺഗ്രസ് നേതാവായിരുന്നു ഇളയപെരുമാൾ.

താൻ പിന്നോട്ട് പോവുകയല്ല മറിച്ച് തന്റെ തന്ത്രങ്ങൾ മാറ്റുകയാണെന്നാണ് തിരുമാവളവൻ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് പറഞ്ഞത്.

‘ഒരു തൂക്കുസഭ പ്രതീക്ഷിച്ച് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന അഭിപ്രായം തെറ്റാണ്. അത് എന്റെ ഉദ്ദേശശുദ്ധിയെ അപമാനിക്കുന്നതാണ്. അതിനാൽ ഞാൻ എന്റെ തന്ത്രം മാറ്റുന്നു,’ അദ്ദേഹം പറഞ്ഞു.

ഒരു നിയമസഭാ അംഗമാവുക എന്നത് തന്റെ ദീർഘകാല അഭിലാഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് അത്യാവശ്യമാണെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് വി.സി.കെ നേതാവ് പറഞ്ഞു.

സർക്കാരിൽ മന്ത്രി സ്ഥാനം മോഹിച്ചാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച തിരുമാവളവൻ, അത്തരമൊരു ആഗ്രഹമില്ലെന്നും മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഉദ്ധരിക്കുകയും ചെയ്തു.

അതേസമയം തിരുമാവളവൻ മത്സരത്തിൽ നിന്നും പിന്മാറുന്നത് ഡി.എം.കെ യുടെ സമ്മർദം മൂലമാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നുണ്ട്.

Content Highlight: Not going backwards, but changing tactics; Thirumavalavan says he will not contest Tamil Nadu assembly elections

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more