| Friday, 23rd May 2025, 7:06 pm

ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ അല്ല അമേരിക്കയില്‍ തന്നെ നിര്‍മിക്കണം; അല്ലെങ്കില്‍ 25ശതമാനം താരിഫ്; ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മറ്റേതെങ്കിലും രാജ്യത്ത് നിര്‍മിച്ച ഐഫോണ്‍ യു.എസില്‍ വില്‍പന നടത്തിയാല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

യു.എസില്‍ വില്‍ക്കുന്ന ഐഫോണ്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല അമേരിക്കയില്‍ നിന്നുതന്നെ നിര്‍മിക്കണമെന്ന് കരുതുന്നുവെന്ന് ട്രംപ് ആപ്പിള്‍ ടീമിനെ നേരത്തെ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കില്‍ രാജ്യത്തിന് കുറഞ്ഞത് 25 ശതമാനം താരിഫ് നല്‍കണമെന്നും ട്രംപ് അറിയിച്ചു.

അതേസമയം ട്രംപിന്റെ നടപടി പ്രീമാര്‍ക്കറ്റിങ് ട്രേഡിങ്ങില്‍ ആപ്പിളിന്റെ ഓഹരികളില്‍ ഇടിവുണ്ടാവാന്‍ കാരണമായതായും യു.എസ് സ്റ്റോക്ക് ഫ്യൂച്ചര്‍ ഇടിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പില്‍ ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പ്രത്യേക കമ്പനിക്ക് മുകളില്‍ താരിഫ് ചുമത്താന്‍ ട്രംപിന് നിയമപരമായി അധികാരമുണ്ടോയെന്ന ചോദ്യങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

നേരത്തെ ട്രംപ് രാജ്യങ്ങള്‍ക്ക് മേല്‍  ഇറക്കുമതി താരിഫ് ചുമത്തിയതിന് പിന്നാലെ ചൈനയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലും കൂടുതല്‍ ഇന്ത്യയിലേക്ക് മാറ്റുമെന്ന് ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യു.എസില്‍ വില്‍പ്പന നടത്തുന്നതിനായുള്ള ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നായിരിക്കും കയറ്റുമതി ചെയ്യുന്നതെന്നും ജൂണില്‍ കയറ്റുമതി ഉണ്ടാവുമെന്നും നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ആപ്പിളിനുള്ള ട്രംപിന്റെ മുന്നറിയിപ്പ്. യു.എസിലേക്ക് മുന്‍നിര കമ്പനികളുടെ നിര്‍മാണ ശാലകളെ എത്തിക്കണമെന്ന ലക്ഷ്യമാണ് മുന്നറിയിപ്പിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Not from India or anywhere else; Make it in the US or face 25 percent tariff; Trump warns Apple

We use cookies to give you the best possible experience. Learn more