| Monday, 14th September 2026, 12:27 pm

അറബ് രാജ്യങ്ങളില്‍ മത്സരിക്കാത്തത് കടല്‍ തടസമുള്ളതിനാല്‍; പപ്പു പപ്പുവിനെ പോലെയേ പ്രവര്‍ത്തിക്കൂ: ഗാന്ധി കുടുംബത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി

നിഷാന. വി.വി

ഭോപ്പാല്‍: ഗാന്ധി കുടുംബത്തിനെതിരെ പരിഹാസവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ഗാന്ധി കുടുംബത്തെക്കുറിച്ച് ദല്‍ഹി നിവാസികള്‍ക്ക് നന്നായി അറിയാമെന്നും അത് കൊണ്ടാണ് അവര്‍ അവിടെ മത്സരിക്കാന്‍ ഭയപ്പെടുന്നതെന്നും മോഹന്‍ യാദവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ അറബ് രാജ്യങ്ങള്‍ വരെ പോകാത്തതിന് ഒരേയൊരു കാരണം ഇടയില്‍ കടല്‍ ഉള്ളതുകൊണ്ടാണെന്ന് ആളുകള്‍ തമാശയായി പറയാറുണ്ടെന്ന് മോഹന്‍ യാദവ് പരിഹസിച്ചു.

‘ ആളുകള്‍ പറയുന്നത് കടല്‍ തടസമായി വന്നെന്നാണ്. അല്ലെങ്കില്‍ ഈ നേതാക്കള്‍ അറബ് നാടുകളിലേക്കോ മറ്റെതെങ്കിലും സ്ഥലത്തോ മത്സരിക്കാന്‍ എത്തുമായിരുന്നു,’ യാദവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍ (അമേഠി, റായ്ബറേലി) നിന്ന് കേരളത്തിലെ വയനാട്ടിലേക്ക് മാറിയതിനെ പരിഹസിച്ചുകൊണ്ടായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയേയും അദ്ദേഹം വിമര്‍ശിച്ചു. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ നുണകളുടെ കെട്ടുമായി സംസ്ഥാനത്തേക്ക് വരുകയാണെന്ന് യാദവ് പറഞ്ഞു. സെപ്റ്റംബര്‍ 19ന് രാഹുല്‍ ഗാന്ധിയുടെ പരിപാടി മധ്യപ്രദേശില്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ അദ്ദേഹത്തിന്റെ പേര് തന്നെ പപ്പുവെന്നാണ്. പേര് പപ്പുവാണെങ്കില്‍ പപ്പുവിനെ പോലെയേ പ്രവര്‍ത്തിക്കൂ,’ അതില്‍ എന്ത് ചെയ്യാന്‍ കഴിയും,’ യാദവ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരാജയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നിന്ന് നക്‌സലിസവും കൊള്ളക്കാരെയും പൂര്‍ണമായി തുടച്ചുനീക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി. ശര്‍മ രംഗത്തെത്തി. ബി.ജെ.പി രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നത് തുടരുമ്പോഴും അദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയുടെ ‘പപ്പ’ (പിതാവ്) ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

‘വീട്ടില്‍ കുട്ടികള്‍ പപ്പയെ എങ്ങനെയാണോ ഭയപ്പെടുന്നത് അത്‌പോലെ പോലെ ബി.ജെ.പി മുഴുവന്‍ രാഹുല്‍ ഗാന്ധിയെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു,’ ശര്‍മ പറഞ്ഞു. ബി.ജെ.പിക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചോ റായ്ബറേലി പോലുള്ള മണ്ഡലങ്ങളുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചോ അറിവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഭയന്ന് സംസ്ഥാന ഭരണകൂടം തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Content Highlight: Not contesting in Arab countries is due to the barrier of the sea; ‘Pappu’ will only act like ‘Pappu’: Madhya Pradesh Chief Minister on the Gandhi family.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more