| Friday, 27th November 2026, 8:28 pm

കൊള്ളാമല്ലോ ഷാഫീ... നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ: പാലക്കാട് ഷാഫി പറമ്പിലിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

നിഷാന. വി.വി

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എയെ പരിഹസിച്ച് പാലക്കാട് ഫ്‌ളക്‌സ് ബോര്‍ഡ്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

കൊള്ളാലോ ഷാഫി, നീ ഉമ്മന്‍ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ? എന്നാണ് പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. ഷാഫിയെ പിന്തുണച്ചുള്ള ഫ്‌ളക്‌സിന് മുന്നിലാണ് ഈ പോസ്റ്റ് വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ഷാഫി പറമ്പിലിനെ പിന്തുണച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഷാഫി പറമ്പിലിനെ തള്ളിപ്പറയുകയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയ ഉമ്മന്‍, മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവര്‍ക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്.

ദൃശ്യമാധ്യമങ്ങള്‍ക്ക് ഇവര്‍ നല്‍കിയ അഭിമുഖങ്ങളുടെയും വാര്‍ത്തകളുടെയും സാമൂഹ്യ മാധ്യമ പേജുകള്‍ക്ക് താഴെയാണ് അധിക്ഷേപകരമായ കമന്റുകള്‍ നിറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈകാരികമായി കാണുന്ന ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നുതന്നെ ആക്രമണമുണ്ടാകുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്ക് പിന്നാലെ വിവിധ ഗ്രൂപ്പുകളിലെ സൈബര്‍ പോരാളികള്‍ തമ്മിലുള്ള പോര്‍വിളി രൂക്ഷമായിരുന്നു.

Content Highlight: Not bad, Shafi… so you’re the one who tricked Oommen Chandy, are you? – Flex boards put up against Shafi Parambil in Palakkad.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more