| Tuesday, 26th August 2025, 2:41 pm

ബി.ജെ.പിയുടെ ഹിന്ദുത്വ പ്രതിഛായയില്‍ പശ്ചാത്താപമില്ല; ഹിന്ദുത്വ വോട്ട് ബാങ്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഹിന്ദുത്വ പ്രതിഛായയില്‍ ഒട്ടും പശ്ചാത്താപമില്ലെന്ന് ബി.ജെ.പി എം.പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ബന്ദി സഞ്ജയ് കുമാര്‍. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന് എതിരെ ഹിന്ദുത്വ വോട്ട് ബാങ്ക് പടുത്തുയര്‍ത്തുമെന്നും ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ‘വോട്ട് മോഷണവും ഹിന്ദുത്വ ആശയവും’ ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ടി.പി.സി.സി അധ്യക്ഷന്‍ ബി. മഹേഷ് കുമാര്‍ ഗൗഡ് വിമര്‍ശിച്ചിരുന്നു.

വോട്ട് മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനഹിത യാത്ര കരിംനഗറിലെത്തിയപ്പോഴായിരുന്നു മഹേഷ് കുമാര്‍ ഗൗഡിന്റെ വിമര്‍ശനം.

തെലങ്കാനയിലെ ബി.ജെ.പിയുടെ വിജയം നിയമാനുസൃതമല്ലെന്നും തന്റെ പക്കല്‍ അതിനുള്ള തെളിവുണ്ടെന്നും മഹേഷ് കുമാര്‍ അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര സഹമന്ത്രി.

ബി.ജെ.പി വിശ്വസിക്കുന്നത് സനാതന ധര്‍മ്മത്തിലാണെന്നും തങ്ങള്‍ക്ക് ഹിന്ദുമത വിശ്വാസികള്‍ വോട്ട് ചെയ്യുന്നതില്‍ നിങ്ങളുടെ പ്രശ്നമെന്താണെന്നും ബന്ദി സഞ്ജയ് കുമാര്‍ ചോദിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ നിന്നുള്ള എം.പിയാണ് ബന്ദി സഞ്ജയ് കുമാര്‍.

ഹിന്ദു വോട്ട് ലഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണുള്ളത്. അതു തുറന്നു പറയുന്നതില്‍ നാണക്കേടൊന്നുമില്ല. മുസ്‌ലിം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നത് അനുകരിച്ച് കോണ്‍ഗ്രസ് നേതാക്കളെന്തിനാണ് തലയില്‍ തൊപ്പി ധരിക്കുന്നത്? ഇതു വോട്ടിന് വേണ്ടിയല്ലെങ്കില്‍ ഹിന്ദു മതവിശ്വാസികളായ നേതാക്കള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നതിലും പ്രശ്നമൊന്നും കോണ്‍ഗ്രസിന് വേണ്ട’- ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു.

ഒരു വാര്‍ഡ് അംഗമായി പോലും വിജയിക്കാത്ത ടി.പി.സി.സി അധ്യക്ഷനാണ് ബി.ജെ.പിയുടെ വിജയങ്ങളെ ചോദ്യം ചെയ്യുന്നതെന്നു ബന്ദി സഞ്ജയ് കുമാര്‍ പരിഹസിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ എട്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു സഞ്ജയ് കുമാറിന്റെ പരിഹാസം.

പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കാതെ ധൈര്യമുണ്ടെങ്കില്‍ വോട്ട് മോഷണ തെളിവുമായി തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിക്കൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വോട്ട് മോഷണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ബി.ജെ.പി എം.പി ആവശ്യപ്പെട്ടു.

തെലങ്കാനയിലെ മുന്‍ ബി.ആര്‍.എസ് ഭരണകൂടമാണ് സംസ്ഥാനത്ത് റോഹിങ്ക്യകളെ പിന്തുണച്ചത്. ഇതേ നയമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് ഭരണകൂടം പിന്തുടരുന്നതെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

Content Highlight: Not apologetic about our party’s Hindutva identity, will build Hindu vote bank BJP MP Bandi Sanjay

We use cookies to give you the best possible experience. Learn more