| Friday, 26th December 2025, 7:45 pm

കര്‍ണാടകയിലെ ഭവനരഹിതരെ കാണാന്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ പോലും വന്നില്ല; ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല: കെ.ടി. ജലീല്‍

രാഗേന്ദു. പി.ആര്‍

മലപ്പുറം: കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കലില്‍ കോണ്‍ഗ്രസിനെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. താമസക്കാര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു ബെംഗളൂരുവിലെ വസീം ലേഔട്ടിലേയും ഫക്കീര്‍ കോളനിയിലെയും ക്രൂരകൃത്യമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.ടി. ജലീലിന്റെ പ്രതികരണം.

ഭവനരഹിതരായവരെ ഒരു എം.എല്‍.എയോ കൗണ്‍സിലറോ സമാശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജ് നടന്ന മേഖലയില്‍ മുസ്‌ലിങ്ങളാണ് ഭൂരിഭാഗവും താമസിച്ചിരുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ മുസ്‌ലിം ലീഗും ലീഗനുകൂല മതസംഘടനാ നേതാക്കളും ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി. ലീഗിനും ലീഗനുകൂല മതസംഘടനകൾക്കും എന്തൊരു കോൺഗ്രസ് ഭക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.

കര്‍ണാടകയിലെ മംഗലാപുരത്ത് കളിക്കാര്‍ക്ക് കരുതിവെച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചുവെന്ന് ആരോപിച്ച് അഷ്‌റഫ് എന്ന യുവാവിനെ സംഘപരിവാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയും കെ.ടി. ജലീല്‍ വിമര്‍ശിച്ചു.

അഷ്റഫിന്റെ കുടുംബത്തിന് ഒരു പത്ത് പൈസ പോലും നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായില്ലെന്നും സംഭവത്തെ സർക്കാർ അപലപിച്ചില്ലെന്നുമാണ് വിമര്‍ശനം. പാലക്കാട്ടെ വാളയാറില്‍ അതിഥി തൊഴിലാളിയെ ആള്‍കൂട്ടം മര്‍ദിച്ച സംഭവത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തിക്കൊണ്ടാണ് കെ.ടി. ജലീലിന്റെ പരാമര്‍ശം.

‘പിണറായിയുടെ പൊലീസ് മുഴുവന്‍ പ്രതികളെയും അഴികള്‍ക്കുള്ളിലാക്കി. കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരവും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാന്‍ഹോളില്‍ മരിച്ച നൗഷാദിനോടും സംഘിക്കൂട്ടം അടിച്ചും ഇടിച്ചും കൊന്ന രാം നാരായണനോടും ഒരുപോലെ നീതി കാട്ടിയ പിണറായി സര്‍ക്കാരിനെയാണ് മുസ്‌ലിം വിരുദ്ധ സര്‍ക്കാരെന്നും ഹിന്ദു വിരുദ്ധ സര്‍ക്കാരെന്നും പറഞ്ഞ് രണ്ട് ഭാഗത്തെയും വര്‍ഗീയവാദികള്‍ ആക്ഷേപിക്കുന്നത്!,’ കെ.ടി. ജലീല്‍ കുറിച്ചു.

ക്രിസ്മസ് കരോളിന്‌ നേരെ ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ട വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം, ചുവന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് ഹിന്ദു-മുസ്‌ലിം-ക്രൈസ്തവ വ്യത്യാസമില്ലാതെ ഡി.വൈ.എഫ്.ഐ ചെറുപ്പക്കാര്‍ തെരുവിലിറങ്ങി കരോളുകള്‍ നടത്തിയത് പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണെന്നും ജലീല്‍ പറഞ്ഞു.

ഇതെല്ലാം തകര്‍ക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിനാണ് ലീഗും ചില ന്യൂനപക്ഷ സമുദായ സംഘടനകളും ഓശാന പാടുന്നതെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിമാരെ കാണാന്‍ പലര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ലെന്ന ശീലം പൊളിച്ചെഴുതിയ പിണറായി വിജയനെയാണ് ചിലര്‍ സംഘിയെന്നും മുസ്‌ലിം വിരുദ്ധനെന്നും പറഞ്ഞ് നടക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

Content Highlight: Not a single Congress MLA came to meet the homeless in Karnataka: K.T. Jaleel

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more