| Monday, 5th October 2026, 1:28 pm

'പെര്‍ഫെക്ട് ജെന്റില്‍മാന്‍' അല്ല, കുറവുകളുള്ള മനുഷ്യര്‍ ; ജസ്റ്റിനിലും തുടരുന്ന ഗിരീഷ് എ.ഡിയുടെ നായകസങ്കല്‍പം

ആര്യ.പി

ഗിരീഷ് എ.ഡിയുടെ സിനിമകളിലെ നായകന്മാരെ ആദ്യ കാഴ്ചയില്‍ തന്നെ ആരാധിക്കാന്‍ തിരക്കഥ നമ്മളോട് ആവശ്യപ്പെടാറില്ല. പകരം, അവരുടെ കുറവുകളിലൂടെയും ചമ്മലുകളിലൂടെയും ഇന്‍സെക്യൂരിറ്റികളിലൂടെയും പതുക്കെ അവരിലേക്ക് അടുപ്പിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.

‘പ്രേമലു’വിലെ സച്ചിനായാലും ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ ജെയ്സനായാലും ‘ഐ ആം കാതലനി’ലെ വിഷ്ണുവായാലും, സിനിമ അവസാനിക്കുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകുന്നത് അവരുടെ ‘ഹീറോയിസം’ കൊണ്ടല്ല, മറിച്ച് അവര്‍ നമ്മളെപ്പോലെ തന്നെ അപൂര്‍ണരായ മനുഷ്യരായതുകൊണ്ട് കൂടിയാണ്.

ജെയ്സന്റെ ചമ്മലും ഇന്‍സെക്യൂരിറ്റിയും മുതല്‍ സച്ചിന്റെ ജീവിതത്തിലെ ലക്ഷ്യമില്ലായ്മയും ഇമോഷണല്‍ ഡിപ്പെന്‍ന്‍സിയും വരെ നോക്കിയാല്‍ ഈ കഥാപാത്രങ്ങളില്‍ പൊതുവായി കാണുന്ന ഒരു കാര്യമുണ്ട്.

സിനിമകളില്‍ പതിവായി കാണുന്ന, ആത്മവിശ്വാസത്തോടെ എല്ലാം നിയന്ത്രിക്കുന്ന പെര്‍ഫെക്ട് ജെന്റില്‍മാന്‍ നായക സങ്കല്‍പ്പത്തില്‍ നിന്ന് ഇവര്‍ വളരെ അകലെയാണ്. സ്വന്തം കുറവുകള്‍ മറച്ചുവെച്ച് എല്ലാം തികഞ്ഞവരാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവരല്ല ഗിരീഷ് എ.ഡിയുടെ നായകന്മാര്‍. അവരുടെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് പലപ്പോഴും കഥാപാത്രത്തിന്റെ പ്രധാന ഭാഗമാകുന്നത്.

‘പ്രേമലു’യിലെ സച്ചിന്‍ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ അവന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് റീനുവിനോട് അയാള്‍ അത്രയും വേഗത്തില്‍ മാനസികമായി അടുപ്പത്തില്‍ ആകുന്നത്.

റീനു സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തതയുള്ള, ലക്ഷ്യങ്ങളുള്ള ഒരാളാണ്. സച്ചിനാകട്ടെ, ജീവിതത്തില്‍ പലതും ഇനിയും കണ്ടെത്താനുള്ള അതേ സാധാരണക്കാരന്‍ തന്നെയാണ്. പ്രണയം ലഭിച്ചതുകൊണ്ട് അയാളെ ഒരു പെര്‍ഫെക്ട് ഹീറോ ആക്കി മാറ്റേണ്ട ആവശ്യം സിനിമയ്ക്കില്ല.

ഐ ആം കാതലനില്‍ ആകട്ടെ ഈ അപൂര്‍ണനായ നായകന്റെ മറ്റൊരു ഇരുണ്ട വശമാണ് ഗിരീഷ് എ.ഡി തുറന്നുകാണിച്ചത്. പഠനത്തിലും കരിയറിലും പരാജയപ്പെട്ട വിഷ്ണുവിന് ഹാക്കിങ്ങില്‍ അസാധാരണമായ കഴിവുണ്ട്. തുടര്‍ച്ചയായ നിരസിക്കലുകളും അപമാനങ്ങളും നേരിട്ട ഒരാള്‍ക്ക് പെട്ടെന്ന് തന്റെ കഴിവിലൂടെ മറ്റുള്ളവരുടെ മേല്‍ സ്വാധീനം നേടാനുള്ള അവസരം ലഭിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതാണ് സിനിമ പരിശോധിക്കുന്നത്.

ഇവിടെ നായകന് കിട്ടുന്ന ‘പവര്‍’ അയാളെ ഒരു പരമ്പരാഗത ഹീറോയാക്കി മാറ്റുന്നില്ല. മറിച്ച്, മുറിവേറ്റ ഈഗോയും അധികാരവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങളിലേക്കാണ് സിനിമ പോകുന്നത്.

ഇനി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിനിലേക്ക് വരുമ്പോള്‍ ഗിരീഷ് എ.ഡിയുടെ നായക സങ്കല്‍പ്പത്തില്‍ രസകരമായ മറ്റൊരു മാറ്റമാണ് കാണുന്നത്.

മുമ്പത്തെ നായകന്മാരില്‍ നിന്ന് വ്യത്യസ്തമായി ജസ്റ്റിന്‍ ജീവിതത്തില്‍ പരാജയപ്പെട്ട ഒരാളല്ല. കഴിവുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ആണ്. നാട്ടുകാര്‍ക്കിടയില്‍ സ്വാധീനമുണ്ട്. എന്ത് കാര്യത്തിനും ആളുകള്‍ ആദ്യം സമീപിക്കുന്ന ഒരാളാണ്. പുറമേ നോക്കുമ്പോള്‍ ഒരു നായകന് വേണ്ട ‘എല്ലാ ഗുണങ്ങളും’ ജസ്റ്റിനുണ്ടെന്ന് തോന്നും. പക്ഷേ ഗിരീഷ് എ.ഡി അവിടെയും പതിവ് വഴിയിലൂടെ പോകുന്നില്ല.

ഇത്രയൊക്കെ ഉള്ളപ്പോഴും ജസ്റ്റിന്‍ എല്ലാത്തിലും ആത്മവിശ്വാസമുള്ള ഒരാളല്ല. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ അയാള്‍ക്ക് വലിയൊരു പേടിയുണ്ട്. പഴയ പ്രണയമായിരുന്ന ജീനയുടെ നഷ്ടം അയാളില്‍ ഉണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ആഷ്‌ലി ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ പ്രണയിക്കാനുള്ള ആഗ്രഹത്തിനൊപ്പം വീണ്ടും തകര്‍ന്നുപോകുമോ എന്ന ഭയവും ജസ്റ്റിനെ പിന്തുടരുന്നു.

ഇവിടെയാണ് ആഷ്‌ലിയും ജസ്റ്റിനും തമ്മിലുള്ള ഡയനാമിക് ശ്രദ്ധേയമാകുന്നത്. പലപ്പോഴും പ്രണയകഥകളില്‍ നായകനാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ജസ്റ്റിന്റെ കാര്യത്തില്‍ അങ്ങനെയല്ല. പല ഘട്ടങ്ങളിലും കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങളെ സമീപിക്കുന്നത് ആഷ്‌ലിയാണ്. ജസ്റ്റിനാകട്ടെ മടിയും ചമ്മലും പേടിയും സംശയവുമൊക്കെയായി നില്‍ക്കുന്നുണ്ട്.

അത് ജസ്റ്റിനെ ദുര്‍ബലനായ നായകനാക്കുന്നില്ല. മറിച്ച്, എല്ലാം നേടിയിട്ടും എല്ലാം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളായി അയാളെ കൂടുതല്‍ മനുഷ്യനാക്കുകയാണ്.

ജസ്റ്റിന്റെ മറ്റൊരു പ്രധാന പ്രത്യേകത അയാളുടെ വികാരങ്ങളെ തുറന്നുകാണിക്കുന്നതിലാണ്. പുറത്ത് എത്ര തമാശക്കാരനായി നടന്നാലും ഉള്ളില്‍ വലിയൊരു ഭയം അയാള്‍ കൊണ്ടുനടക്കുന്നുണ്ട്. ജീനയുടെ ഓര്‍മദിവസത്തില്‍ കല്ലറയിലെത്തുന്നതും പഴയ പാട്ടുകളില്‍ ആശ്വാസം തേടുന്നതും ആഷ്‌ലിയോടുള്ള ഇഷ്ടത്തില്‍ പിന്നോട്ടുപോകുന്നതുമെല്ലാം ആ മനുഷ്യന്റെ ഉള്ളിലെ മുറിവുകളാണ് പുറത്തുകൊണ്ടുവരുന്നത്.

അപ്പോഴാണ് ജസ്റ്റിന്‍ ഗിരീഷ് എ.ഡിയുടെ മുന്‍ നായകന്മാരുമായി വീണ്ടും ചേര്‍ന്നുനില്‍ക്കുന്നത്. ജെയ്സന് ഇന്‍സെക്യൂരിറ്റി ഉണ്ടായിരുന്നു. സച്ചിന് ജീവിതത്തെക്കുറിച്ച്  വ്യക്തതയില്ലാത്തവനായിരുന്നു. വിഷ്ണുവിന്റെ കുറവുകള്‍ അധികാരം ലഭിച്ചപ്പോള്‍ മറ്റൊരു അപകടമായി മാറി. ജസ്റ്റിനാകട്ടെ, പുറമേ എല്ലാം നേടിയിട്ടും സ്വന്തം വികാരങ്ങളെ നേരിടുന്നതില്‍ ഇപ്പോഴും ഒരു സാധാരണ മനുഷ്യനാണ്.

ഒരുപക്ഷേ ഗിരീഷ് എ.ഡിയുടെ നായകന്മാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, ഹീറോയാകാന്‍ ഒരാള്‍ എല്ലാം തികഞ്ഞവനായിരിക്കണമെന്നില്ല.

സ്വന്തം കുറവുകളെ മറച്ചുവെക്കാതെ സ്‌ക്രീനില്‍ തന്നെ നിലനിര്‍ത്തുന്ന നായകന്മാരെയാണ് ഗിരീഷ് എ.ഡി വീണ്ടും വീണ്ടും സൃഷ്ടിക്കുന്നത്. പ്രണയത്തിലെ പരാജയങ്ങളും ചമ്മലുകളും ഇന്‍സെക്യൂരിറ്റികളും ഇമോഷണല്‍ ബാഗേജും ഒന്നും അവരെ നായകനാകുന്നതില്‍ നിന്ന് തടയുന്നില്ല.

ജസ്റ്റിനിലെത്തുമ്പോള്‍ ആ ആശയം കുറച്ചുകൂടി രസകരമാകുന്നു. കാരണം, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ഓടിയെത്തുന്ന, എല്ലാവരെയും സഹായിക്കുന്ന, ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടിയ ഒരാള്‍ക്ക് പോലും സ്വന്തം ഹൃദയത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ മടിയുണ്ട്. അതുകൊണ്ടാണ് ജസ്റ്റിന്‍ ഒരു പെര്‍ഫെക്ട് ഹീറോ അല്ലാത്തത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രേക്ഷകന് കൂടുതല്‍ പരിചിതനാകുന്നതും.

Content Highlight: Not a ‘Perfect Gentleman,’ but flawed human beings; Girish A.D.’s vision of heroes continues with Justin

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more