| Sunday, 11th January 2026, 8:36 am

സമാധാന നൊബേല്‍ ട്രംപിന് കൈമാറാന്‍ മച്ചാഡോയ്ക്ക് സാധിക്കില്ല: പുരസ്‌കാര സമിതി

ആദര്‍ശ് എം.കെ.

ഓസ്‌ലോ: സമാധാന നോബേല്‍ സമ്മാന ജേതാവും വെനസ്വേലയിലെ പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോയ്ക്ക് നോബേല്‍ പുരസ്‌കാരം മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര കമ്മിറ്റി. പുരസ്‌കാരം പങ്കിടാനോ, റദ്ദാക്കാനോ, കൈമാറാനോ സാധിക്കില്ലെന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറുമെന്ന് മരിയ മച്ചാഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോബേല്‍ പുരസ്‌കാര കമ്മിറ്റിയുടെ വിശദീകരണം.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം താനുമായി പങ്കുവയ്ക്കാന്‍ മച്ചാഡോ ആഗ്രഹിക്കുന്നതായി ഡോണള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

മരിയ കൊറീന മച്ചാഡോ | ഡൊണാള്‍ഡ് ട്രംപ്

മച്ചാഡോ അങ്ങനെ ചെയ്താല്‍ അത് വലിയ ബഹുമതിയാണെന്നും തനിക്ക് അവാര്‍ഡ് നല്‍കാത്ത നോര്‍വേയ്ക്ക് അത് വലിയ നാണക്കേടായിരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെനസ്വേലയിലെ തീവ്രവലതുപക്ഷ നേതാവും സമാധാന നൊബേല്‍ ജേത്രിയുമായ മരിയ കൊറിന മച്ചാഡോയുമായി ട്രംപ് അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തും.

ഈ കൂടിക്കാഴ്ചക്കിടെയില്‍ നൊബേല്‍ പുരസ്‌കാരം താനുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായി മച്ചാഡോ അറിയിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.

നൊബേല്‍ പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെ മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചിരുന്നു. ഒരു തീവ്ര വലതുപക്ഷവാദിക്ക് മറ്റൊരു വലതുപക്ഷവാദിയുടെ അംഗീകാരമെന്നാണ് ഇതിനെതിരെ പ്രതികരണമുയര്‍ന്നത്.

പുരസ്‌കാരത്തിനായി മച്ചാഡോയെ തെരഞ്ഞെടുത്തതിന് പിന്നാലെ നോബേല്‍ പുരസ്‌കാര കമ്മിറ്റിക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു. മച്ചാഡോയുടെ അതിതീവ്ര നിലപാടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

വംശഹത്യ നടത്തുന്ന ഇസ്രഈല്‍ എന്ന അപ്പാര്‍തീഡ് രാജ്യത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരില്‍ മുമ്പില്‍ നില്‍ക്കുന്ന മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചതിന്റെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.

മരിയ കൊറീന മച്ചാഡോ

2018ല്‍ നിക്കോളാസ് മഡൂറോയെ പുറത്താക്കാനായുള്ള സൈനിക ഇടപെടലുകള്‍ക്കായി യു.എന്‍ രക്ഷാസമിതിയുടെ പിന്തുണ തേടി അവര്‍ നെതന്യാഹുവിന് കത്തെഴുതിയിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മച്ചാഡോയുടെ അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയായ വെന്റെ വെനസ്വേല ഇസ്രഈലിലെ അതിതീവ്ര വലതുപക്ഷമായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുമായി ഔപചാരികമായ കരാറുകളുണ്ടാക്കിയിരുന്നു. നവ-നാസികള്‍ ഉള്‍പ്പെടുന്ന യൂറോപ്പിലെ അതിതീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും സഖ്യകക്ഷികൂടിയാണ് മച്ചാഡോ.

2024ല്‍ വെനസ്വലെന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ട്രംപിനോടും സഹായമാവശ്യപ്പെട്ടിരുന്നു. നേരത്തെ ഹ്യൂഗോ ഷാവേസിനെതിരായ പരാജയപ്പെട്ട അട്ടിമറിയെയും ഇവര്‍ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.

Content Highlight: Norwegian Nobel Committee says it cannot award Nobel Prize to Maria Corina Machado

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more