ന്യൂദല്‍ഹി: കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോര്‍വേ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്ങിന് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ‘ഭാരത് സമ്മിറ്റില്‍’ പങ്കെടുക്കാന്‍ എത്താനിരിക്കെ, സാധുവായ വിസ ഉണ്ടായിരുന്നിട്ടും യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പാണ് വിസ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.
ഓസ്ലോ ആസ്ഥാനമായുള്ള ‘ഡാഗ്സാവിസെന്‍’ എന്ന ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ ലിംഗ്. ബുധനാഴ്ച വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് നോര്‍വേയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നതെന്നും, വിസ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും അവര്‍ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
എംബസി ഉദ്യോഗസ്ഥര്‍ സഹകരിച്ചിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ‘ഉന്നതതല ഉത്തരവ്’ പ്രകാരമാണ് തന്നെ തടഞ്ഞതെന്ന് ലിങ് ആരോപിച്ചു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ അവര്‍, നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് സമ്മിറ്റിന്റെ രണ്ടാം ദിവസമായ നവംബര്‍ 14-ന് നടക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കാനാണ് ഇവര്‍ എത്തേണ്ടിയിരുന്നത്. കോണ്‍ഗ്രസ് നേതാവ് പവന് ഖേര നയിക്കുന്ന സെഷനില്‍ മാധ്യമസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയായിരുന്നു ചര്‍ച്ചാവിഷയം. സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോര്‍വേ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ് വിലക്കിന് പിന്നിലെന്ന് ഹെല്ലെ ലിങ് ചൂണ്ടിക്കാട്ടുന്നു. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗാര് സ്റ്റോറുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങളെ എന്തുകൊണ്ട് നേരിടുന്നില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുമോ എന്നും ലിങ് മോദിയോട് ഉറക്കെ ചോദിച്ചിരുന്നു.
തുടര്‍ന്ന് നടന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിംഗിലും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഇവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോദി മറുപടി നല്‍കാതെ ഇറങ്ങി പോവുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
Content Highlight: Norwegian journalist who questioned Modi barred from entering India; permission denied just before the trip.