| Saturday, 13th September 2025, 4:34 pm

 ഇസ്രഈലിനെതിരായ മത്സരത്തിലെ ലാഭം ഗസയ്ക്ക് നല്‍കാന്‍ നോര്‍വേ

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ ക്വാളിഫയേഴ്‌സില്‍ ഇസ്രഈലിനെതിരായ മത്സരത്തിന്റെ മുഴുവന്‍ ലാഭവിഹിതവും ഗസയ്ക്ക് നല്‍കാനൊരുങ്ങി നോര്‍വേ. ഗസിയില്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും ഈ മത്സരത്തിന്റെ മുഴുവന്‍ ലാഭവിഹിതവും ഏതെങ്കിലും മാനുഷിക സംഘടനകള്‍ വഴി ഗസയ്ക്ക് നല്‍കുമെന്നും നോര്‍വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഒക്ടോബര്‍ 11ന് നോര്‍വേയുടെ സ്വന്തം തട്ടകമായ ഓസ്‌ലോയിലെ യുല്ലേവാല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഈ മത്സരത്തിലെ ടിക്കറ്റ് വില്‍പനയിലൂടെ അടക്കം ലഭിക്കുന്ന വരുമാനം ഗസയ്ക്കായി നല്‍കുമെന്നാണ് നോര്‍വേ അറിയിച്ചിരിക്കുന്നത്.

‘ഗസയിലെ സാധാരണക്കാര്‍ ഏറെക്കാലമായി അനുഭവിക്കുന്ന ദുരിതങ്ങളൊന്നും തന്നെ കണ്ടില്ല എന്ന് നടിക്കാനാകില്ല. ഗസയിലെ ആളുകളുടെ ജീവന്‍ രക്ഷിക്കുകയും അടിയന്തര മാനുഷിക സഹായമെത്തിക്കുകയും ചെയ്യുന്ന ഏതെങ്കിലും ജീവകാരുണ്യ സംഘടനയ്ക്ക് ഈ വരുമാനം നല്‍കാന്‍ ആഗ്രഹിക്കുന്നു,’ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റെ ലിസ് ക്ലാവനെസ് വ്യക്തമാക്കി.

അതേസമയം, നോര്‍വേയുടെ ഈ തീരുമാനത്തെ ഈഇസ്രഈല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അപലപിച്ചു. ഇതിനൊപ്പം തന്നെ ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാനും നോർവേ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സംഭാവന ചെയ്യുന്ന പണം തീവ്രവാദ സംഘടനകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമാണ് ഇസ്രഈൽ പറഞ്ഞത്.

നേരത്തെ നടന്ന ഇറ്റലി – ഇസ്രഈല്‍ മത്സരത്തിന് മുമ്പ് ഇറ്റാലിയന്‍ പരിശീലകന്‍ ഗെന്നരോ ഗട്ടൂസോയും ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഫലസ്തീനിനില്‍ മരിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളെയോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും ഇറ്റലിയും ഇസ്രഈലും ഒരേ ഗ്രൂപ്പില്‍ വന്നുപെട്ടത് നിര്‍ഭാഗ്യകരമെന്നായിരുന്നു മത്സരത്തിന് മുമ്പ് ഗട്ടൂസോ പറഞ്ഞത്.

‘അവിടുത്തെ കുട്ടികളുടെയും സാധാരണക്കാരുടെയും അവസ്ഥ ഹൃദയഭേദകമാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രഈലിനൊപ്പം ഒരേ ഗ്രൂപ്പില്‍ വന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതില്‍ ഒന്നും തന്നെ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ കാണുന്ന കാഴ്ചകളെല്ലാം തന്നെ തീര്‍ത്തും വേദനാജനകമാണ്. ഇതുമാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകുയുള്ളൂ,’ ഗട്ടൂസോ പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്ക് നടുവിലാണ് ഇറ്റലി – ഇസ്രഈല്‍ ഗ്രൂപ്പ് ഘട്ട മത്സരം നടന്നത്. ഗസയിലെ ആക്രമണങ്ങളുടെയും വംശഹത്യയുടെയും പശ്ചാത്തലത്തില്‍ ഇസ്രഈലിനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് ഇറ്റാലിയന്‍ സോക്കര്‍ കോച്ചസ് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഗട്ടൂസോ ഇക്കാര്യം പറഞ്ഞത്.

അതേസമയം, കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ച നോര്‍വേ ഗ്രൂപ്പ് ഐ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ്. 21 ഗോള്‍ വ്യത്യാസവുമായി 15 പോയിന്റോടെയാണ് നോര്‍വേ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുമായി മൂന്നാമതാണ് ഇസ്രഈല്‍.

യോഗ്യതാ റൗണ്ടില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിന് നോര്‍വേ വിജയം സ്വന്തമാക്കിയിരുന്നു. എര്‍ലിങ് ഹാലണ്ട് അടക്കമുള്ളവര്‍ മത്സരത്തില്‍ നോര്‍വേയ്ക്കായി സ്‌കോര്‍ ചെയ്തു.

ഒക്ടോബര്‍ 11-ന് നടക്കുന്ന മത്സരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. യുവേഫയുമായും പ്രാദേശിക പൊലീസുമായും ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Content Highlight: Norway to donate profits from Israel World Cup Qualifiers to Gaza aid

We use cookies to give you the best possible experience. Learn more